മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് എന്നിവരുൾപ്പെടെയുള്ളവർക്ക് ഇഡി കാരണം കാണിക്കൽ നോട്ടീസ് അയച്ചത് തിരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന് മന്ത്രി വി. ശിവൻകുട്ടി ആരോപിച്ചു. കേരളത്തിലെ വികസനം തടസ്സപ്പെടുത്താനുള്ള ഈ നീക്കത്തെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപി ഇഡിയെ ഉപയോഗിച്ച് കളിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാനുള്ള ശ്രമമാണ് ഇഡിയുടേതെന്നും, കേരളത്തിലെ സിപിഎം നേതാക്കളെ കുടുക്കാനുള്ള ഇഡിയുടെ മുൻ ശ്രമങ്ങളെല്ലാം പാളിപ്പോയതിനാലാണ് തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നോട്ടീസുമായി ഇറങ്ങിയിരിക്കുന്നതെന്നും ശിവൻകുട്ടി പറഞ്ഞു. സിപിഎമ്മിന് ബിജെപിയുമായോ യുഡിഎഫുമായോ യാതൊരു ബന്ധവുമില്ലെന്നും, ഈ തിരഞ്ഞെടുപ്പ് സ്റ്റണ്ട് ജനങ്ങൾ പുച്ഛിച്ചു തള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ട് ബോർഡ് ധനസമാഹരണത്തിനായി നടത്തിയ മസാല ബോണ്ട് ഇടപാടിൽ വിദേശനാണ്യ വിനിമയ ചട്ടങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി അതോറിറ്റി ഇപ്പോൾ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുന്നത്. ചട്ടലംഘനത്തെക്കുറിച്ച് മൂന്ന് മാസം മുമ്പ് നൽകിയ അന്തിമ റിപ്പോർട്ടിൻ്റെ തുടർച്ചയായാണ് ഈ നടപടി. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നേരിട്ടോ അഭിഭാഷകൻ വഴിയോ നോട്ടീസിന് മറുപടി നൽകാം. ഈ വിഷയത്തോട് പ്രതികരിച്ച മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്, 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് തുടങ്ങിയ കേസ് പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പ്, ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയങ്ങളിലും ഉയർന്നു വന്നിരുന്നുവെന്ന് ചൂണ്ടിക്കാട്ടി.
