കൊല്ലം കൊട്ടിയത്ത് ദേശീയപാതയുടെ നിർമ്മാണത്തിനിടെ സംരക്ഷണ ഭിത്തിയും സർവീസ് റോഡും അപകടകരമായ രീതിയിൽ തകർന്നു. കൊട്ടിയം മൈലക്കാട് ഭാഗത്തെ നിർമാണത്തിൽ ഇരുന്ന ദേശീയപാത സംരക്ഷണ ഭിത്തിയും സർവീസ് റോഡുമാണ് തകർന്നു വീണത്.
സ്കൂൾ ബസ് അടക്കം 4 വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. കുട്ടികളടക്കമുണ്ടായിരുന്ന വാഹനത്തിൽ നിന്ന് എല്ലാവരെയും പുറത്തെത്തിച്ചു. ആർക്കും പരുക്കുകൾ ഇല്ല.
സ്ഥലത്ത് ഗതാഗത കുരുക്ക് തുടരുകയാണ്. വലിയ രീതിയിലുള്ള അപകടമാണ് ഉണ്ടായിരിക്കുന്നത്. 500 മീറ്റർ ദൂരത്തിലാണ് ദേശീയപാത ഇടിഞ്ഞു വീണിരിക്കുന്നത്. വയലുകളാൽ ചുറ്റപ്പെട്ട പ്രദേശമാണിത്.
അപകടത്തെ തുടർന്ന് ദേശീയപാത നിർമ്മാണത്തിലെ അപാകതകൾ സംബന്ധിച്ച് വലിയ ആശങ്കകൾ ഉയർന്നിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർദേശം നൽകി.
റോഡ് ഉയരത്തിൽ നിർമിക്കുന്നതിന്റെ ഭാഗമായി മണ്ണിട്ട് പൊക്കിയ ഭാഗമാണ് ഇടിഞ്ഞു താഴ്ന്നത്. ശാസ്ത്രീയ പഠനങ്ങൾ നടത്തിയാണ് നിർമാണങ്ങൾ ആരംഭിച്ചതെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
