ദില്ലി: എല്ലാ വിഷയത്തിലും ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സഭ നടക്കാന്‍ അനുവദിക്കണമെന്നും സ്പീക്കര്‍ക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്ത് നല്‍കിയെന്നും അമിത് ഷാ പറഞ്ഞു. ഇന്ന് ചര്‍ച്ച തുടങ്ങിയാല്‍ നാളെ വൈകിട്ട് മറുപടി നല്‍കാമെന്നും അമിത് ഷാ മാധ്യമങ്ങളോട് പ്രതികരിച്ചു. ലോക്‌സഭയില്‍ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെയാണ് അമിത് ഷായുടെ പ്രതികരണം.

ദില്ലിയില്‍ നടന്ന നീറ്റ് പരീക്ഷാക്രമക്കേടിനെതിരായ സമരത്തിനെതിരെ പൊലീസ് സ്വീകരിച്ച നടപടിയില്‍ അമിത് ഷാ സംസാരിക്കാമെന്ന നിര്‍ദ്ദേശം പ്രതിപക്ഷം തള്ളിയിരുന്നു. ഇതോടെ ഇന്നലെയും പാര്‍ലമെന്റ് സ്തംഭിച്ചു. അയോധ്യകൊള്ള കൂടി ചര്‍ച്ച ചെയ്യണമെന്ന ആവശ്യം കടുപ്പിച്ചാണ് പ്രതിപക്ഷം നീറ്റ് സമരത്തിനെതിരായ പൊലീസ് നടപടിയില്‍ അമിത് ഷായുടെ വിശദീകരണം തള്ളിയത്. എന്നാല്‍ പ്രതിപക്ഷത്തെ ലോക്‌സഭ സ്പീക്കര്‍ രൂക്ഷമായി വിമര്‍ശിച്ചു. പാര്‍ലമെന്റിലും പുറത്തും ഭരണ പ്രതിപക്ഷാംഗങ്ങള്‍ പരസ്പരം മുദ്രാവാക്യം വിളിച്ചു. എല്ലാ ദിവസവും സഭ തടസപ്പെടുത്തുന്നത് ചോദ്യം ചെയ്ത സ്പീക്കര്‍ അമിത് ഷാ ചര്‍ച്ചക്ക് തയ്യാറായിട്ടും പ്രതിഷേധം അവസാനിപ്പിക്കാത്ത പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചു. എല്ലാ വിഷയങ്ങളും ഒന്നിച്ച് ചര്‍ച്ച ചെയ്യാനാകുമോയെന്നും സ്പീക്കര്‍ ഓംബിര്‍ല ചോദിച്ചു. ഇന്നും സഭയില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് അമിത് ഷാ തന്നെ മറുപടി നല്‍കാമെന്ന് വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *