കോണ്‍ഗ്രസ്സിനെ മാറ്റിനിര്‍ത്തിയുള്ള പ്രതിപക്ഷ ഐക്യനീക്കം പ്രായോഗികമല്ലെന്ന വിലയിരുത്തലുമായി സിപിഎം പോളിറ്റ് ബ്യൂറോ. വി ഇപ്പോഴും ഇന്ത്യയില്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് വാദമുയര്‍ന്നപ്പോള്‍ വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസ്സിന് വീഴ്ചകളുണ്ടാകുന്നുവെന്ന് എതിര്‍വാദവുമുണ്ടായി. നിലവിലെ സാഹചര്യത്തില്‍ ഫെഡറല്‍ മുന്നണിയോ, മൂന്നാം മുന്നണിയോ പ്രായോഗികമല്ലെന്നും ജനകീയ വിഷയങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളുമായി സഹകരിക്കാമെന്നും പിബി ധാരണയിലെത്തി.

ബിജെപിക്ക് എതിരായ കര്‍ഷക – തൊഴിലാളി സമരങ്ങളാണ് കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയത്. ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പിബി തീരുമാനിച്ചു. വര്‍ഗ-ബഹുജന സംഘടനകള്‍ ജനക്ഷേമ വിഷയങ്ങളില്‍ കൂടുതല്‍ ഇടപെടണം. ജനകീയ വിഷയങ്ങളില്‍ പ്രാദേശിക പാര്‍ട്ടികള്‍ക്കൊപ്പം പ്രക്ഷോഭം നടത്തണം. തെരഞ്ഞെടുപ്പ് ധാരണയില്‍ കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്താനാവില്ലെന്നും യോഗം വിലയിരുത്തി.

അടുത്ത വര്‍ഷം കണ്ണൂരില്‍ ചേരുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ കരടു രാഷ്ട്രീയ പ്രമേയത്തിന് രൂപം നല്‍കുന്ന സിപിഎം പോളിറ്റ് ബ്യുറോയോഗത്തിലാണ് ഈ നിര്‍ദ്ദേശം ചില അംഗങ്ങള്‍ ഉന്നയിച്ചത്. രാഷ്ട്രീയ പ്രമേയത്തിന്റെ കരട് തയ്യാറാക്കാനുള്ള വിശദമായ ചര്‍ച്ചകള്‍ ഇന്ന് നടക്കും. ഈ മാസം 22ന് ചേരുന്ന മൂന്ന് ദിവസത്തെ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ കരടിന് അന്തിമ രൂപമാകും. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ലഖിംപുര്‍ ഖേരി സംഭവം, കര്‍ഷകപ്രക്ഷോഭം എന്നീ വിഷയങ്ങളും യോഗത്തിന്റ അജണ്ടയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *