കുന്ദമംഗലം I മസ്ജിദുകളും മദ്റസകളും മഹല്ലിന്റെ ദീനി കേന്ദ്രങ്ങളാണെന്നും അവയുടെ ഭരണ സ്ഥാനങ്ങളിലേക്ക് തിരെഞ്ഞെടുക്കപ്പെടുന്നവർ നിർവഹിക്കേണ്ട ഉത്തരവാദിത്വം മറന്നു പോകരുതെന്നും കുന്ദമംഗലം മഹല്ല് ഖാളി കാന്തപുരം എ പി അബൂബക്കർ മുസ് ലിയാർ. കുന്ദമംഗലം മഹല്ല് ഭരണസമിതിയിലേക്ക് നടന്ന തിരെഞ്ഞെടുപ്പിലെ സുന്നി പാനലിന്റെ സമ്പൂർണ വിജയത്തിന് ശേഷം നടന്ന സാരഥി സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദ്ദേഹം.
വിജയങ്ങളിൽ വിശ്വാസികൾ വിനയമുള്ളവരും ഖുർആൻ പഠിപ്പിച്ചത് പോലെ കൂടുതൽ തഖ്വയും സൂക്ഷമതയും ഉള്ളവരാകണമെന്നും എല്ലാവരെയും ചേർത്ത് പിടിച്ച് മുന്നോട്ട് പോകാനുള്ള ശ്രമമാണ് നടത്തേണ്ടതെന്നും മഹല്ലുകളിൽ നിന്നും അപ്രത്യക്ഷമായികൊണ്ടിരിക്കുന്ന പൂർവ്വികർ കാണിച്ചു തന്ന ദീനി ചൈതന്യവും അഹ്ലുസുന്നയുടെ പാരമ്പര്യവും കൂടുതൽ സജീവമാക്കുവാനുമുള്ള പ്രവർത്തനങ്ങളിൽ ഭാരവാഹികൾ ഏർപ്പെടണമെന്നും കാന്തപുരം പറഞ്ഞു. മർകസ് മസ്ജിദുൽ ഹാമിലിയിൽ നടന്ന സംഗമത്തിൽ പുതുതായി തിരെഞ്ഞെടുക്കപ്പെട്ട 15 അംഗങ്ങളെയും വി . പി എം ഫൈസി വില്യാപ്പള്ളി മർക്കസിൻ്റെ ഷാൾ അണിയിച്ചു.
സയ്യിദ് അബ്ദുല്ല കോയ സഖാഫി അധ്യക്ഷത വഹിച്ചു. അക്ബർ ബാദുഷ സഖാഫി, അഷ്റഫ് കാരന്തൂർ, സൈനുദ്ദീൻ നിസാമി കുന്ദമംഗലം, എം പി ഉസ്മാൻ ഹാജി,
ഉമർ നവാസ് ഹാജി ,കെ സലീം മുസ്ലിയാർ , കെ അബ്ദുൽ മജീദ് ഹാജി, കെ അബ്ദുല്ലത്തീഫ് എന്നിവർ സംസാരിച്ചു.
