കൊല്ലം അഞ്ചൽ ഉത്ര വധക്കേസ് വിധി ഇന്ന് വരാനിരിക്കെ ഈ കേസിനെ പ്രത്യേകതകൾ ഏറെയാണ് കേസിൽ സൂരജ് മാത്രമാണ് പ്രതി. അഞ്ചൽ ഏറം വെള്ളശേരിൽ ഉത്ര(25)യെ 2020 മേയ് ഏഴിനാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്നാരോപിച്ച് ഉത്രയുടെ മാതാപിതാക്കൾ കൊല്ലം റൂറൽ എസ്പി ഹരിശങ്കറിന് പരാതി നൽകിയതോടെ കേസ് ജില്ലാ ക്രൈം ബ്രാഞ്ചിനു കൈമാറി.

ഹരിശങ്കർ ഐ പി എസ് ന്റെയും അന്നത്തെ ഡി വൈ എസ് പി അശോകന്റെയും നേതൃത്വത്തിലാണ് സാക്ഷികൾ പോലുമില്ലാത്ത ഈ കേസിനെ നിർണായക വഴിത്തിരിവിലെത്തിച്ച് തെളിവുകൾ ശേഖരിച്ചതും. പ്രതിക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നത് വരെ എത്തിച്ചതും
2018 മാർച്ച് 25 നായിരുന്നു ഉത്രയുടെയും സൂരജിന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തോടടുക്കവെ 2020 മാർച്ച് രണ്ടിന് അടൂരിലെ വീട്ടിൽ വെച്ച് ഉത്രയ്ക്ക് ആദ്യം പാമ്പ് കടിയേൽക്കുന്നു. അണലിയുടെ കടിയേറ്റ് ഉത്ര അന്ന് രക്ഷപ്പെട്ടു. ചികിത്സയ്ക്ക് ശേഷം അഞ്ചലിലെ സ്വന്തം വീട്ടിൽ വിശ്രമത്തിലായിരുന്നു ഉത്ര. ഈ സംഭവം നടന്ന് ഒന്നര മാസത്തിനു ശേഷം മെയ് ആറിന് രാത്രിയിൽ വീണ്ടും മൂർഖനെ ഉപയോഗിച്ച് കടിപ്പിച്ചാണ് സൂരജ് കൊല നടത്തിയത്

Uthra murder case: Court to pronounce verdict today | crimes against woman  Kerala| Uthara Murder Case verdict| Kerala snakebite murder verdict


ജനലിലൂടെ വീടിനുള്ളിൽ കയറിയ മൂർഖൻ പാമ്പ് ഭാര്യയെ കടിച്ചതാവാമെന്നാണ് അന്ന് സൂരജ് പറഞ്ഞത്. ഇതിൽ ആർക്കും സംശയവും തോന്നിയില്ല. പാമ്പിന്റെ പക, ശാപം തുടങ്ങിയ അന്ധവിശ്വാസ വാ​ദങ്ങളും അന്ന് പ്രചരിച്ചു. ഇതിനിടയിൽ സൂരജിന്റെ ഭാ​ഗത്ത് നിന്നുണ്ടായ പെരുമാറ്റങ്ങളാണ് ഉത്രയുടെ ബന്ധുക്കളിൽ സംശയം തോന്നിച്ചത്. മരണാനന്ത ചടങ്ങുകളിലെ സൂരജിന്റെ അമിതാഭിനയവും ബന്ധുക്കൾ ശ്രദ്ധിച്ചു. പാമ്പുകളോട് സൂരജിനുള്ള ഇഷ്ടത്തെക്കുറിച്ചുള്ള വിവരവും ലഭിച്ചതോടെ ഈ സംശയം ബലപ്പെട്ടു. തുടർന്ന് ഇവർ പൊലീസിനെ സമീപിച്ചു. സൂരജ് ഇടയ്ക്കിടയ്ക്ക് പണം ചോദിക്കുന്നത് സംബന്ധിച്ച് ഉത്രയുടെ വീട്ടുകാരുമായി നേരത്തെ അസ്വാരസ്യമുണ്ടായിരുന്നു.

ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തി വരാഞ്ഞതോടെ അന്നത്തെ എസ് പി ഹരിശങ്കറിന്റെയും കൊട്ടരാക്കര ഡിവൈഎസ്പി എ അശോകന്റെയും നേതൃത്വത്തിൽ പുതിയ സംഘം അന്വേഷണം ഏറ്റെടുത്തു. ഇത് കേസിൽ നിർണായകമായി.

പാമ്പു പിടുത്തക്കാരനിൽ നിന്നു വാങ്ങിയ മൂർഖൻ പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിക്കുകയായിരുന്നു എന്ന് അന്വേഷണ സംഘം കണ്ടെത്തി. പാമ്പിനെ നൽകിയ കല്ലുവാതുക്കൽ സ്വേദശി സുരേഷും അറസ്റ്റിലായി. തുടർന്നാണ് സൂരജ് നടത്തിയ ക്രൂരകൃത്യത്തിന്റെ വിവരങ്ങൾ പുറംലോകമറിയുന്നത്. പാമ്പിനെക്കൊണ്ട് കടിപ്പിക്കുന്നത് സംബന്ധിച്ച് ഇന്റർനെറ്റിൽ നിരന്തരം സൂരജ് തിരയാറുണ്ടായിരുന്നു.

ആദ്യ തവണ ഉത്രയെ അണലിയെക്കൊണ്ട് കടിപ്പിച്ചതും സൂരജ് തന്നെയായിരുന്നു. എന്നാൽ ഉത്ര രക്ഷപ്പെട്ടതിനാൽ ഇത്തവണ മരണം ഉറപ്പാക്കാനായാണ് മൂർഖൻ പാമ്പിനെ വാങ്ങിയതെന്ന് സൂരജ് സമ്മതിച്ചു. സംശയം തോന്നാതിരിക്കാൻ ഉത്രയുടെ വീട്ടിൽ വെച്ച് തന്നെ പാമ്പ് കടിയേൽപ്പിക്കാൻ സൂരജ് തീരുമാനിച്ചു. മരിക്കുന്നതിന്റെ തലേന്ന് ജ്യൂസിൽ മയക്കുമരുന്ന് കലർത്തി സൂരജ് ഉത്രയ്ക്ക് നൽകി. മൂർഖൻ പാമ്പിനെ സൂക്ഷിച്ച പ്ലാസ്റ്റിക് ഭരണി കട്ടിലിനടിയിലൊളിപ്പിച്ചു. രാത്രി എല്ലാവരും ഉറങ്ങിയ ശേഷം പാമ്പിനെ ഉത്രയുടെ ദേഹത്ത് കുടഞ്ഞിട്ടു. എന്നാൽ പാമ്പ് ഉത്രയെ കടിച്ചില്ല. തുടർന്ന് പാമ്പിന്റെ ഫണത്തിൽ പിടിച്ച് ഉത്രയുടെ കൈയ്യിൽ കടിപ്പിച്ചു. തുടർന്ന് പാമ്പിനെ അലമാരക്കടിയിലേക്ക് വലിച്ചെറിഞ്ഞു. പാമ്പ് തിരികെയെത്തി തന്നെ കടിക്കുമോ എന്ന് ഭയന്ന് രാത്രി ഉറങ്ങാതെ ഇരുന്നെന്നും സൂരജ് പൊലീസിനോട് പറഞ്ഞു. ഉത്രയുടെ സ്വത്ത് തട്ടിയെടുക്കുക എന്ന ലക്ഷ്യമായിരുന്നു സൂരജിന്.

ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചായിരുന്നു കേസിൽ അന്വേഷണം. ഉത്രയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, കടിച്ച പാമ്പിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, രാസപരിശോധനാ ഫലങ്ങൾ, മൊബൈൽ ഫോണുകളുടെ ഫൊറൻസിക് പരിശോധന, ഡമ്മി പരീക്ഷണം എന്നിവ നടത്തി. 87 സാക്ഷികളെയും 288 രേഖകളും 40 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. സൂരജിന് പാമ്പുകളെ നൽകിയതായി മൊഴിനൽകിയ ചാവർകാവ് സുരേഷിനെ കേസിൽ മാപ്പുസാക്ഷിയാക്കി. ഗൂഢാലോചനയോടെയുള്ള കൊലപാതകം (302), നരഹത്യാശ്രമം (307), കഠിനമായ ദേഹോപദ്രവം (326), വനം വന്യ ജീവി ആക്ട് (115) എന്നിവ പ്രകാരമാണു കേസ്.

കേസില്‍ ആയിരം പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്. രാജ്യത്തുതന്നെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഉത്ര വധക്കേസില്‍ അന്തിമ വിധി ഇന്ന് വരാനിരിക്കെ ഏവരും ആകാംക്ഷയിലാണ്. കേസിൽ ആദ്യം പ്രതിചേർക്കപ്പെട്ട പാമ്പ് പിടുത്തക്കാരൻ സുരേഷിനെ പിന്നീട് മാപ്പ് സാക്ഷിയാക്കി. ഭാര്യയെ കൊല്ലാൻ വേണ്ടിയാണ് സൂരജ് പാമ്പിനെ വാങ്ങിയതെന്ന് അറിയില്ലെന്ന് സുരേഷ് പറഞ്ഞത് അന്വേഷണ സംഘം പരി​ഗണിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *