സംസ്ഥാനത്ത് തത്കാലം ലോഡ്ഷെഡിംഗും പവര്‍ക്കട്ടുമില്ലെന്ന് വൈദ്യുതിമന്ത്രി കൃഷ്ണന്‍കുട്ടി. 19 വരെ ലോഡ്ഷെഡിംഗും പവര്‍കട്ടും വേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തില്‍ ധാരണയായി. നിലവിൽ കുറവുള്ള വൈദ്യുതി വാങ്ങാന്‍ രണ്ട് കോടി രൂപ വേണം. 400 മെഗാവാട്ടിന് കുറവുവന്നാല്‍ പ്രതിസന്ധി ശക്തമാകുമെന്നും മന്ത്രി പറഞ്ഞു. അടുത്ത ചൊവ്വാഴ്ച സ്ഥിതി വിലയിരുത്തി തുടര്‍ നടപടി തീരുമാനിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. 3800 മെഗാവാട്ട് വൈദ്യുതിയാണ് പ്രതിദിനം കേരളത്തിന് വേണ്ടത്. ഇതില്‍ 2200 മെഗാവാട്ടും പുറത്ത് നിന്നുള്ള വൈദ്യുതി നിലയങ്ങളില്‍ നിന്നുള്ള ദീര്‍ഘകാല കരാറിന്റെ അടിസ്ഥാനത്തിലാണ് ലഭിക്കുന്നത്.
രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പുറത്തു നിന്നും കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയിൽ വലിയ തോതില്‍ കുറവുണ്ടാകുന്നുണ്ടെന്ന് നേരത്തെ മന്ത്രി അറിയിച്ചിരുന്നു.
