ശബരിമലയിലെ ട്രാക്ടര്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ നടപടികള്‍ ശക്തമാക്കി പൊലീസ്. സ്വാമി അയ്യപ്പന്‍ റോഡിലൂടെ അശ്രദ്ധമായും അമിതവേഗതയിലും ട്രാക്ടര്‍ ഓടിക്കുന്നവരെ പിടികൂടാനായി പൊലീസ് നിരീക്ഷണം ആരംഭിച്ചു. ഇത്തരത്തില്‍ വാഹനം ഓടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ പി ബാലകൃഷ്ണന്‍ അറിയിച്ചു.
സമയക്രമം പാലിക്കാതെ ഓടുന്നവര്‍ക്കും പിടി വീഴും. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ട്രാക്ടര്‍ ഡ്രൈവര്‍മാര്‍ക്ക് പോലീസും മോട്ടോര്‍ വാഹന വകുപ്പും ചേര്‍ന്ന് ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. ഇന്ന് വൈകിട്ട് മൂന്നുമണിക്ക് പമ്പയിലെ ട്രാക്ടര്‍ ഡ്രൈവര്‍മാര്‍ക്കും നാളെ സന്നിധാനത്തുമാകും ക്ലാസുകള്‍. അപകടത്തില്‍ ട്രാക്ടര്‍ ഡ്രൈവര്‍ പാലക്കാട് ഇളവഞ്ചേരി സ്വദേശി നാരായണനെതിരെ സന്നിധാനം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇടുക്കി സ്വദേശി 69 കാരനായ രാധാകൃഷ്ണന്‍, തമിഴ്‌നാട് വില്ലുപുരം സ്വദേശികളായ 24 വയസുള്ള വീരമണി 41 കാരന്‍ ആനന്ദവേല്‍, ആന്ധ്രാ സ്വദേശികളായ വീരറെഢി,10 വയസുള്ള ധ്രുവന്‍ റെഢി, നിധീഷ് റെഢി, 62 കാരി സുനിത, 64 വയസുകാരി ത്വല്‍സമ്മ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ ചികിത്സയില്‍ തുടരുകയാണ്.
