പൊന്നാനി: വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണ കേസിൽ അകപ്പെട്ട പ്രതികളെ രക്ഷിക്കാമെന്ന് വിശ്വസിപ്പിച്ച് ബന്ധുക്കളിൽ നിന്ന് കാൽക്കോടി രൂപ തട്ടിയെടുത്ത സംഘം പോലീസ് വലയിലായി. തൃപ്രങ്ങോട് സ്വദേശി നവാസ് (38), കാരത്തൂർ സ്വദേശി കമറുദ്ദീൻ (45) എന്നിവരെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യസൂത്രധാരനായ ‘സോഡ ബാബു’ എന്നറിയപ്പെടുന്ന സാജിദ് നിലവിൽ മറ്റൊരു കേസിൽ ജയിലിലാണ്.
വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ആദ്യം അറസ്റ്റിലായ ഇർഷാദ്, രാഹുൽ എന്നിവരുടെ ബന്ധുക്കളെയാണ് സംഘം തട്ടിപ്പിനിരയാക്കിയത്. പോലീസുകാർക്ക് പണം നൽകിയില്ലെങ്കിൽ ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കേണ്ടി വരുമെന്നും, പണം നൽകിയാൽ മാധ്യമങ്ങളിൽ വാർത്ത വരാതെ നോക്കാമെന്നും ഇവർ വിശ്വസിപ്പിച്ചു.
എസ്പി, ഡിവൈഎസ്പി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുമായി തങ്ങൾക്ക് അടുത്ത ബന്ധമുണ്ടെന്ന് സംഘം അവകാശപ്പെട്ടു. വിശ്വാസ്യത ഉറപ്പിക്കാനായി ഡിവൈഎസ്പിയുടേതാണെന്ന് പറഞ്ഞ് പ്രതികൾ ഒരു വ്യാജ ശബ്ദരേഖ വീട്ടുകാർക്ക് അയച്ചുകൊടുത്തു. ഇത് തട്ടിപ്പിന്റെ സൂത്രധാരനായ സാജിദിന്റെ ശബ്ദമായിരുന്നു. അതേസമയം ഭയന്ന വീട്ടുകാർ സ്വർണ്ണം പണയം വെച്ചും മറ്റും സംഘടിപ്പിച്ച 20 ലക്ഷം രൂപ അക്കൗണ്ട് വഴിയും 5 ലക്ഷം രൂപ നേരിട്ടും കൈമാറി.
പിന്നാലെ, കേസിലെ പ്രധാനിയുൾപ്പെടെ മറ്റെല്ലാവരും അറസ്റ്റിലായതോടെയാണ് തങ്ങൾ കബളിപ്പിക്കപ്പെട്ട വിവരം വീട്ടുകാർ തിരിച്ചറിഞ്ഞത്. ഉടൻ തന്നെ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.
കേസിലെ പ്രധാന പ്രതിയായ സാജിദ് (48) വാഹനമോഷണവുമായി ബന്ധപ്പെട്ട് എറണാകുളം പനങ്ങാട് പോലീസിന്റെ പിടിയിലായി നിലവിൽ സബ് ജയിലിലാണ്. ഇയാളുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തും. പൊന്നാനി ഇൻസ്പെക്ടർ അഷ്റഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
