കുന്ദമംഗലം: റോഡ് സുരക്ഷാ ബോധവത്കരണത്തിൽ മാതൃകയായി കാരന്തൂർ എഎംഎൽപി സ്കൂൾ കുട്ടികൾ. റോഡിൽ സഞ്ചരിക്കുമ്പോൾ നിർബന്ധമായും പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് ബോധവത്കരണം നൽകുന്ന ശ്രദ്ധേയമായ വീഡിയോയുമായി കുന്ദമംഗലം കാരന്തൂർ എ.എം.എൽ.പി സ്കൂളിലെ കുട്ടികൾ സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നു.
“നാം നിർബന്ധമായും അറിഞ്ഞിരിക്കേണ്ട റോഡ് നിയമങ്ങൾ” എന്ന ആശയത്തെ ആധാരമാക്കി തയ്യാറാക്കിയ ഈ വീഡിയോയിൽ, കാലനടയാത്രക്കാരും വാഹനയാത്രക്കാരും പാലിക്കേണ്ട പ്രധാന ഗതാഗത നിയമങ്ങൾ ലളിതവും മനോഹരവുമായ രീതിയിൽ കുട്ടികൾ അവതരിപ്പിക്കുന്നു.
വലതുവശം ചേർന്ന് നടക്കേണ്ടതിന്റെ ആവശ്യകത, സീബ്രാ ലൈനിലൂടെ മാത്രം റോഡ് മുറിച്ചു കടക്കണം, റോഡ് കളിസ്ഥലമാക്കരുത്, വാഹനങ്ങളിൽ ഇറങ്ങുന്നവർ പിറകിലൂടെ നടക്കുന്നത് അപകടകരമാണെന്ന ബോധവത്കരണം, അമിതവേഗം അപകടങ്ങൾക്ക് വഴിവെക്കുമെന്ന മുന്നറിയിപ്പ് തുടങ്ങി നിരവധി പ്രധാന സന്ദേശങ്ങളാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇതോടൊപ്പം, ഇരുചക്ര വാഹനങ്ങളിൽ ഹെൽമറ്റ് നിർബന്ധമായി ധരിക്കണം, വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത്, വേഗത നിയന്ത്രിച്ച് സുരക്ഷിതമായി വാഹനം ഓടിക്കണം, യാത്രക്കിടെ കൈകളും തലയും വാഹനത്തിന് പുറത്തിടരുത് തുടങ്ങിയ നിർദ്ദേശങ്ങളും കുട്ടികൾ വ്യക്തമായി അവതരിപ്പിക്കുന്നു.
റോഡ് സുരക്ഷയെക്കുറിച്ചുള്ള ഈ ബോധവത്കരണ വീഡിയോയ്ക്ക് സംസ്ഥാന ഗതാഗത മന്ത്രി ഗണേഷ് കുമാർ തന്റേത് ആയ ഫേസ്ബുക്ക് പേജിലൂടെ പിന്തുണ നൽകി പങ്കുവെച്ചതോടെയാണ് വീഡിയോയ്ക്ക് കൂടുതൽ ശ്രദ്ധ ലഭിച്ചത്. മന്ത്രിയുടെ ഈ പങ്കുവെപ്പ് കുട്ടികൾക്ക് വലിയ ആവേശവും പ്രചോദനവുമാകുകയും ചെയ്തു.
സുരക്ഷിത യാത്ര എന്ന സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്നതിൽ സ്കൂൾ കുട്ടികൾ വഹിച്ച പങ്ക് അഭിനന്ദനാർഹമാണെന്നും, ഇത്തരം ബോധവത്കരണ പ്രവർത്തനങ്ങൾ റോഡ് അപകടങ്ങൾ കുറയ്ക്കാൻ സഹായകരമാകുമെന്നും പൊതുസമൂഹം അഭിപ്രായപ്പെടുന്നു.
കുട്ടികളുടെ ശബ്ദത്തിലൂടെ ഉയർന്ന റോഡ് സുരക്ഷാ സന്ദേശം, ഇന്നത്തെ സമൂഹത്തിന് അനിവാര്യമായ ഒരു ഓർമപ്പെടുത്തലായി മാറുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *