ന്യൂഡൽഹി: കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തർക്കങ്ങളില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. നേതാക്കൾ മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു. താൻ ഒരിക്കലും അവസരങ്ങൾക്ക് വേണ്ടി കടിപിടി കൂടുന്നയാളല്ലെന്നും പാർട്ടിക്കായി ചെയ്യുന്ന പ്രവർത്തനങ്ങളെ ത്യാഗമായി കാണുന്നില്ലെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.
വരുന്ന തിരഞ്ഞെടുപ്പുകളിൽ എംപിമാർ മത്സരിക്കണോ എന്ന കാര്യം കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാണ് തീരുമാനിക്കേണ്ടത്. പഴയ നേതാക്കളെ മാറ്റിനിർത്തില്ലെന്നും അനുഭവസമ്പത്തും യുവത്വവും പരിഗണിച്ചായിരിക്കും തീരുമാനങ്ങളെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പി.ജെ. കുര്യനെ കെ സി വേണുഗോപാൽ തള്ളി. എത്ര ഉന്നതനായാലും സ്ഥാനാർത്ഥി നിർണയം പോലുള്ള കാര്യങ്ങൾ പൊതുചർച്ചകളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് അദ്ദേഹം കർശനമായി നിർദ്ദേശിച്ചു.
