ശബരിമല തന്ത്രി കണ്ഠര് രാജീവരരുടെ അറസ്റ്റിനെ പിന്തുണച്ച് ബിജെപി നേതാവ് ടി പി സെൻകുമാർ. അയ്യപ്പന്റെ പിതൃ തുല്യമായ സ്ഥാനത്തു നിൽക്കുന്ന തന്ത്രി കുടുംബത്തിലെ ഒരാളുടെ അറസ്റ്റ് ദുഖകരമാണ്. എന്നാൽ 2019 മുതൽ ഇന്നുവരെ അവിടെ നടന്ന അനിഷ്ട സംഭവങ്ങൾ ആരെയും അറിയിക്കാതിരുന്നത്
കുറ്റകരമാണെന്നും സെൻകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഉണ്ണികൃഷ്ണൻ പോറ്റി അവിടെ വർഷങ്ങളോളം വിഹരിച്ചത് എങ്ങനെയെന്നും നിദ്രാ ദണ്ഡടക്കം മാറ്റിയിട്ടും തന്ത്രി നിശബ്ദത പാലിച്ചുവെന്നും കുടുംബ തന്ത്രികളുകടെ ജീർണതയുടെ ഉത്തമ ഉദാഹരണമാണ് ഇവയെന്നും അവനവൻ ചെയ്യുന്നതിന് അവൻ തന്നെ അനുഭവിക്കണമെന്നും സെൻകുമാർ പറഞ്ഞു.
അറസ്റ്റിന് പിന്നാലെ ബിജെപി നേതാവ് സന്ദീപ് വചസ്പതി അടക്കം തന്ത്രിക്ക് പിന്തുണയായി മുന്നോട്ട് വന്ന സാഹചര്യത്തിലാണ് സെൻകുമാറിന്റെ തന്ത്രിയെ തള്ളികൊണ്ടുള്ള പ്രതികരണം. എന്തിനായിരുന്നു ഇത്ര തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്തതെന്നായിരുന്നു സന്ദീപ് വചസ്പതിയുടെ പ്രതികരണം.
ടി പി സെൻകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
“ദുഖകരം പക്ഷെ അനിവാര്യം..
ഇതാണ് ശബരിമല തന്ത്രി കണ്ഠരര് രാജീവരരുടെ അറസ്റ്റ് സംബന്ധിച്ചു എനിക്ക് പറയാനുള്ളത്.
അയ്യപ്പന്റെ പിതൃ തുല്യമായ സ്ഥാനത്തു നിൽക്കുന്ന തന്ത്രി കുടുംബത്തിലെ ഒരാളുടെ അറസ്റ്റ് ദുഖകരമാണ്. എന്നാൽ 2019 മുതൽ ഇന്നുവരെ അവിടെ നടന്ന അനിഷ്ട സംഭവങ്ങൾ ആരെയും അറിയിക്കാതിരുന്നതുതന്നെ കുറ്റകരമാണ്.
ഉണ്ണികൃഷ്ണൻ പോറ്റി അവിടെ വർഷങ്ങളോളം വിഹരിച്ചത് എങ്ങനെ? സ്വർണ പാളികൾ പിടിപ്പിച്ച കട്ടിലകളും ദ്വാരപാലക വിഗ്രഹങ്ങളും എന്തിനു പാളികൾ മാറ്റുന്നു.?
നിദ്രാ ദണ്ഡടക്കം മാറ്റിയിട്ടു തന്ത്രി നിശബ്ദത പാലിച്ചു. വാജിവാഹനം സ്വന്തമാക്കി.കുടുംബ തന്ത്രികളുകടെ ജീർണതയുടെ ഉത്തമ ഉദാഹരണമാണ് ഇവ.അവനവൻ ചെയ്യുന്ന കർമ്മങ്ങൾക്ക് അവനവൻ തന്നെ പ്രായശ്ചിതം ചെയ്യണം.
ദൈവികമായി മാത്രം ചിന്തിക്കേണ്ടവർ ഇഹലോകത്തിൽ ആസക്തരാകുമ്പോൾ ഇങ്ങനെയെല്ലാം ഭവിക്കും.
ഭജ ഗോവിന്ദം ഭജ ഗോവിന്ദം ഗോവിന്ദം ഭജ മൂഢ മതേ.
സാധാരണ ഭക്തരല്ല തന്ത്രികൾ. അവർ ഏറ്റവും ഉയർന്ന ആത്മീയത പുലർത്തേണ്ടവരാണ്.
” താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍
താന്‍ താന്‍ അനുഭവിച്ചീടുകെന്നേ വരൂ”
-തുഞ്ചത്ത് എഴുത്തച്ഛൻ.”
