മൂന്നാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അറസ്റ്റിലായതിന് പിന്നാലെ വൈകാരിക പോസ്റ്റുമായി പീഡന പരാതി ഉന്നയിച്ച ആദ്യ യുവതി. ദൈവത്തിന് നന്ദിയെന്നും പിതാവാകാൻ യോഗ്യനല്ലാത്ത പുരുഷനെ തെരഞ്ഞെടുത്തതിന് സ്വർഗ്ഗത്തിൽ നിന്ന് മാലാഖ കുഞ്ഞുങ്ങള്‍ ഞങ്ങളോട് ക്ഷമിക്കട്ടെയെന്ന് യുവതി പറഞ്ഞു.

ഞങ്ങളുടെ ശരീരം ആക്രമിക്കപ്പെട്ടപ്പോഴും, ഞങ്ങളുടെ കുഞ്ഞുങ്ങളെ ബലപ്രയോഗത്തിലൂടെ ഞങ്ങളില്‍ നിന്ന് എടുത്തപ്പോഴും ദൈവം ഞങ്ങളെ താങ്ങി. ഞങ്ങളുടെ കണ്ണുനീർ സ്വർഗ്ഗത്തിൽ എത്തുകയാണെങ്കില്‍ കുഞ്ഞുങ്ങളോട് ഒന്ന് മാത്രമേ പറയാനുള്ളൂ. അമ്മ ഒരിക്കലും നിന്നെ മറന്നിട്ടില്ലെന്ന് യുവതി തൻ്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂര്‍ണരൂപം

“പ്രിയപ്പെട്ട ദൈവമേ,

എല്ലാ വേദനയും, ന്യായവിധികളും, വഞ്ചനകളും ഉണ്ടായിരുന്നിട്ടും ഞങ്ങള്‍ക്ക് ധൈര്യം നൽകിയതിന് നന്ദി. ഇരുളില്‍ എന്താണ് നടന്നതെന്ന് നിങ്ങൾ കണ്ടു.
ലോകത്തിൻ്റെ ചെവികളിലേക്ക് ഒരിക്കലും എത്താത്ത നിലവിളികൾ നിങ്ങൾ കേട്ടു. ഞങ്ങളുടെ ശരീരം ആക്രമിക്കപ്പെട്ടപ്പോഴും, ഞങ്ങളുടെ കുഞ്ഞുങ്ങളെ ബലപ്രയോഗത്തിലൂടെ ഞങ്ങളില്‍ നിന്ന് എടുത്തപ്പോഴും നിങ്ങൾ ഞങ്ങളെ താങ്ങി. തെറ്റായ വ്യക്തിയില്‍ വിശ്വസിച്ച് ഞങ്ങളുടെ കുട്ടിയുടെ പിതാവാകാൻ യോഗ്യനല്ലാത്ത ഒരു പുരുഷനെ തെരഞ്ഞെടുത്തതിന് സ്വർഗ്ഗത്തിൽ നിന്ന് ഞങ്ങളുടെ മാലാഖകള്‍ ഞങ്ങളോട് ക്ഷമിക്കട്ടെ. ആക്രമണത്തിൽ നിന്ന് മുക്തരായി, ഭയത്തിൽ നിന്ന് മുക്തരായി, ഞങ്ങളെ സംരക്ഷിക്കാൻ പരാജയപ്പെട്ട ലോകത്തിൽ നിന്ന് മുക്തരായി അവരുടെ ആത്മാക്കൾ സമാധാനത്തോടെ വിശ്രമിക്കട്ടെ. ഞങ്ങളുടെ കണ്ണുനീർ സ്വർഗ്ഗത്തിൽ എത്തുകയാണെങ്കില്‍ കുഞ്ഞുങ്ങളോട് ഒന്ന് മാത്രമേ പറയാനുള്ളൂ. അമ്മ ഒരിക്കലും നിങ്ങളെ മറന്നിട്ടില്ല. നമ്മള്‍ വീണ്ടും കണ്ടുമുട്ടുന്നതുവരെ നിങ്ങള്‍ എപ്പോ‍ഴും ഞങ്ങളുടെ ഹൃദയത്തിലുണ്ടാകും. കുഞ്ഞാറ്റേ… നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *