കുന്ദമംഗലം: സാൻഡോസ് കുന്ദമംഗലം സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് കുന്ദമംഗലം ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലെ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ ഉജ്ജ്വല തുടക്കം. വ്യവസായി ബോച്ചെ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. സാൻഡോസ് കുന്ദമംഗലം പ്രസിഡന്റ് ബഷീർ നീലാറമ്മൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹ്സിൻ ഭൂപതി സ്വാഗതം പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. സംജിത്ത്, വാർഡ് മെമ്പർ വി. അനിൽകുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീബപുൽ കുന്നമൽ, എസ്.എഫ്.എ സംസ്ഥാന ഭാരവാഹി സലാഹുദ്ദീൻ മമ്പാട്, കുന്ദമംഗലം ഹയർസെക്കൻഡറി സ്കൂൾ മാനേജർ കെ.പി. വസന്തരാജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പരലിംബ് പവർലിഫ്റ്റിംഗിൽ സംസ്ഥാന വെള്ളിമെഡൽ ജേതാവായ സൂരജ് കെ.യെ ചടങ്ങിൽ അനുമോദിച്ചു. സാൻഡോസ് ഫൗണ്ടർമാരായ മുഹൈമീൻ നീലാറമ്മൽ, കാദർ കണക്കഞ്ചേരി എന്നിവർക്ക് ക്ലബ്ബിന്റെ ആദരം ബോച്ചെയിൽ നിന്ന് ഏറ്റുവാങ്ങി. റിഷാദ് കുന്ദമംഗലം അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. സജീവൻ കിഴക്കയിൽ നന്ദി പറഞ്ഞു.
അഖിലേന്ത്യാ തലത്തിലെ പ്രമുഖ ടീമുകളുടെ പങ്കാളിത്തത്തോടെ ടൂർണമെന്റ് ദിവസങ്ങളോളം കുന്ദമംഗലത്തെ ഫുട്ബോൾ ആവേശത്തിലാഴ്ത്തുമെന്ന പ്രതീക്ഷയിലാണ് കായികപ്രേമികൾ. ഉദ്ഘാടന മത്സരത്തിൽ ബിഎഫ്സി പാണ്ടിക്കാട് സോക്കർ എഫ് സി ഷോർണൂർ ഏറ്റുമുട്ടിയപ്പോൾ സമനിലയിലായി ഷൂട്ടൗട്ടിൽ സോക്കർ എഫ് സി ഷൊർണൂർ വിജയിച്ചു (4-3).അൽ മദീന ചെർപ്പുളശ്ശേരി,ടൗൺ ടീം അരീക്കോട് ഇന്ന് ഏറ്റുമുട്ടും.
