ശബരിമല സ്വർണക്കൊള്ളകേസിൽ എൻ വാസുവിൻ്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ദൈവത്തെ കൊള്ളയടിച്ചില്ലേ എന്ന് ചോദിച്ച കോടതി ജാമ്യം തേടി വിചാരണക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശവും നൽകി. കവര്‍ച്ച സമയത്ത് ദേവസ്വം ബോർഡ് ചുമതലയിലുണ്ടായിരുന്ന ആളാണ് എന്‍. വാസുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. എസ്‌ഐടി വാസുവിൻ്റെ ജാമ്യാപേക്ഷയെ എതിര്‍ത്തല്ലോ എന്നും സുപ്രീം കോടതി ചോദ്യമുന്നയിച്ചു.
കഴിഞ്ഞ വർഷം നവംബർ 11നാണ് ശബരിമല സ്വർണക്കൊള്ള കേസിൽ എൻ. വാസുവിൻ്റെ അറസ്റ്റ് അന്വേഷണസംഘം രേഖപ്പെടുത്തിയത്. 2019ൽ ശബരിമല ശ്രീകോവിലിൻ്റെ കട്ടിളപ്പാളികൾ കൊടുത്തുവിട്ടതിൽ എൻ. വാസുവിന് പങ്കുണ്ട് എന്ന കണ്ടെത്തലിനെ തുടർന്നാണ് വാസുവിനെ മൂന്നാം പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് കട്ടിളപ്പാളി നൽകിയത് എൻ. വാസുവിൻ്റെ ശുപാർശയിലാണെന്ന് നേരത്തെ എസ്ഐടി കണ്ടെത്തിയിരുന്നു. അന്ന് ദേവസ്വം കമ്മീഷണറായ വാസു ഇത് റിപ്പോർട്ട് ചെയ്യുന്നതിലടക്കം വീഴ്ചപ്പറ്റിയെന്നാണ് എസ്ഐടിയുടെ റിപ്പോർട്ടിൽ ഉള്ളത്.
