രാഷ്ട്രീയ നിലപാടുകളുടെ പേരിൽ തനിക്കെതിരെ നിലവിലുള്ള കേസുകള്‍ പോരാടാന്‍ കൂടുതൽ കരുത്ത് നല്കുന്നതായി നടന്‍ പ്രകാശ് രാജ്. 32 കേസുകൾ താന്‍ നേരിടുന്നുണ്ട്. തന്നെ തളർത്തുകയാണ് ഇത്തരം കേസുകളുടെ ഉദ്ദേശമെന്നും പ്രകാശ് രാജ് കെഎല്‍എഫ് വേദിയില്‍ പറഞ്ഞു.
കോഴിക്കോട് – കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ (KLF) “ക്രിമിനലൈസിംഗ് ഡിസെന്റ്” എന്ന വിഷയത്തിൽ നടന്ന ചർച്ചയിലാണ് പ്രകാശ് രാജ് രൂക്ഷവിമർശനം ഉയര്‍ത്തിയത്. മാധ്യമങ്ങളും ജുഡീഷ്യറിയും ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാണെന്ന് ചർച്ചയിൽ അഭിപ്രായമുയർന്നു. സമാധാനപരമായ പ്രതിഷേധങ്ങളെ തീവ്രവാദമായി മുദ്രകുത്തുന്ന രീതി ജനാധിപത്യത്തെ തകർക്കുമെന്ന് പ്രകാശ് രാജ് മുന്നറിയിപ്പ് നൽകി. ലഡാക്കിന്റെ പരിസ്ഥിതിക്ക് വേണ്ടി പോരാടുന്ന സോനം വാങ്ചുക്കിനെയും, വർഷങ്ങളായി ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനെയും പ്രകാശ് രാജ് ഇന്ത്യയുടെ യഥാർത്ഥ ഹീറോകളായി വിശേഷിപ്പിച്ചു. ഉമർ ഖാലിദ് ജയിലിൽ നിന്ന് എഴുതിയ കത്തിലെ വരികൾ അദ്ദേഹം വേദിയിൽ വായിച്ചു.
മനുഷ്യാവകാശ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും ചോദ്യം ചെയ്യപ്പെടുകയാണ്. അധികാരത്തിലുള്ളവര്‍ നിയമത്തെ ദുരുപയോഗം ചെയ്ത് ഇവരെയൊക്കെ ഉപദ്രവിക്കുകയാണ്. കോര്‍പ്പറേറ്റുകളോടുള്ള രാഷ്ട്രീയതാല്പര്യങ്ങളെ ചോദ്യം ചെയ്യുന്നതിന്റെ പേരില്‍ ശിക്ഷിക്കപ്പെടുകയാണ്. റോഡുകള്‍ ഉപരോധിക്കുന്നത് തീവ്രവാദപ്രവര്‍ത്തനം ആയത് എന്നുമുതലാണ് എന്നും പ്രകാശ് രാജ് ചോദിച്ചു. ”നമ്മൾ ഒരു ബോട്ടിലാണ് യാത്ര ചെയ്യുന്നത്, അതിൽ ഒരു ഓട്ടയുണ്ട്. അത് അടച്ചില്ലെങ്കിൽ നമ്മൾ എല്ലാവരും മുങ്ങിപ്പോകും.പ്രകാശ് രാജ് പറഞ്ഞു. വിഭാഗീയതക്കെതിരെ സ്നേഹത്തിന്റെ രാഷ്ട്രീയം ഉയർത്തിപ്പിടിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.മാധ്യമപ്രവര്‍ത്തകന്‍ ജോസി ജോസഫ് ആയിരുന്നു ചര്‍ച്ചയുടെ മോഡറേറ്റര്‍.
