ഭക്ഷണം കഴിച്ച പാത്രം കഴുകിവച്ച സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. എന്തും ഏതും വൈറലും ട്രോളുമൊക്കെയാകുന്ന കാലത്ത് സമൂഹമാധ്യമങ്ങളിലെ മുന്നണികളുടെ പോര് ഇപ്പോള്‍ ഇതേ ചൊല്ലിയാണ്. ഇലക്ഷന്‍ സ്റ്റണ്ടെന്ന് കോണ്‍ഗ്രസ്, ബിജെപി അനുകൂലികളും അങ്ങനെയല്ലെന്ന് ഇടത് അനുകൂലികളും തമ്മില്‍ പൊരിഞ്ഞ തര്‍ക്കമാണ്.

സിപിഐമ്മിന്റെ ഗൃഹസന്ദര്‍ശനത്തിന്റെ ഭാഗമായി ഒരു വീട്ടിലെത്തിയ എംഎ ബേബി ഭക്ഷണ ശേഷം പാത്രം സ്വയം കഴുകി വച്ചു. ഇതിന്റെ വീഡിയോ നിരവധി മാതൃകകളാണ് സഖാഖ് സമ്മാനിച്ചതെന്ന അടിക്കുറിപ്പോടെ കൊടുങ്ങല്ലൂര്‍ ഏരിയ കമ്മിറ്റി തങ്ങളുടെ ഫേസ്ബുക്കില്‍ പങ്കുവച്ചു. നിമിഷങ്ങള്‍ക്കകം വീഡിയോ വൈറലായി. അഭിനന്ദന പോസ്റ്റുകള്‍ക്കൊപ്പം പരിഹാസവുമായി എതിരാളികളും എത്തി. പിണറായി വിജയന്റെ മികച്ച ഭരണം കാരണം നാട്ടുകാരുടെ അടുക്കളയില്‍ പാത്രം കഴുകിക്കൊടുക്കേണ്ട ഗതികേടില്‍ എത്തിയ പാര്‍ട്ടി സെക്രട്ടറി എന്നൊക്കെ തരത്തിലായിരുന്നു പരിഹാസം.

എന്നാല്‍ ഒരു ഇലക്ഷന്‍ സ്റ്റണ്ട് അല്ലെന്നും എംഎ ബേബിയുടെ പതിവ് ശീലമാണിതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സിപിഐഎം പ്രവര്‍ത്തകരുടെയും അനുകൂലികളുടെയും മറുപടി. പഴയകാല ഫോട്ടോകള്‍ അടക്കം പങ്കുവച്ചാണ് റിപ്ലെ പോസ്റ്റുകള്‍. പരിഹാസത്തിന് പിന്നിലുള്ളവരുടെ സാംസ്‌കാരിക ശൂന്യതയും ഫ്യൂഡല്‍ മനോഭാവവുമാണ് ഇതിലൂടെ വെളിച്ചത്തുവരുന്നതെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ പോസ്റ്റ് . പുരുഷന്മാര്‍ ഇതൊന്നും ചെയ്യാന്‍ പാടില്ലെന്നുള്ള പഴഞ്ചന്‍ ഫ്യൂഡല്‍ മാടമ്പിത്തരം ഉള്ളില്‍ പേറുന്നവര്‍ക്ക്, ഒരാള്‍ സ്വന്തം പാത്രം കഴുകുന്നത് കാണുമ്പോള്‍ അസ്വസ്ഥത ഉണ്ടായേക്കാമെന്നും അദ്ദേഹം കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *