കോഴിക്കോട്: സർവീസ് സെന്ററിന് മുന്നിൽ അനധികൃതമായി കാർ പാർക്ക് ചെയ്യുകയും പോലീസ് നിർദേശം അവഗണിച്ച് കാർ ഓടിച്ചു പോകാൻ ശ്രമിച്ച നല്ലളം സ്വദേശി സാജിദ് ജമാലിനെ (26) 38.92 ഗ്രാം എംഡിഎംഎയുമായി പോലീസ് പിടികൂടി. ലുലു മാളിന് സമീപമുള്ള സ്കൂട്ടർ സർവീസ് സെന്ററിന് മുന്നിലായിരുന്നു നാടകീയ സംഭവങ്ങൾ.
പുലർച്ചെ രണ്ട് മണിയോടെയാണ് പ്രതി സർവീസ് സെന്ററിന് മുന്നിൽ കാർ പാർക്ക് ചെയ്തത്. രാവിലെ ജീവനക്കാർ എത്തിയപ്പോൾ വഴി തടസ്സപ്പെട്ടതിനെ തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് ഉടമയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടിയുണ്ടായില്ല. തുടർന്ന് ഉച്ചയോടെ കാറെടുക്കാൻ എത്തിയ സാജിദിനോട് സ്റ്റേഷനിലെത്താൻ പോലീസ് നിർദേശിച്ചു. എന്നാൽ ഇത് വകവെക്കാതെ ഇയാൾ അതിവേഗത്തിൽ കാറോടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
മാങ്കാവ് ഭാഗത്തേക്ക് പാഞ്ഞ കാറിനെ കൺട്രോൾ റൂം പോലീസ് പിന്തുടർന്ന് പിടികൂടി. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ ബാഗിൽ നിന്ന് ലഹരിമരുന്നിന് പുറമെ 1,39,600 രൂപയും നാല് മൊബൈൽ ഫോണുകളും കണ്ടെടുത്തു. കസബ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി. കൺട്രോൾ റൂമിലെ സി പി ഒ.മാരായ പ്രജീഷ്, സുബിൻമോൻ, കസബ പോലീസ് സ്റ്റേഷനിലെ എസ് ഐ. സനീഷ്, എഎസ്ഐമാരായ രജീഷ്, രാജേഷ്, സീനിയർ സിപിഒ സുമിത്ത് ചാൾസ്, സിപിഒമാരായ ദിവ്യ, അജേഷ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
