തിരുവമ്പാടി / കൽപറ്റ∙ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപ്പാതയ്ക്കായുളള പാറതുരക്കൽ പ്രവൃത്തിക്ക് ഉടനെ തുടക്കമാകും. കോഴിക്കോട് ജില്ലയിലെ മറിപ്പുഴ–കുണ്ടൻതോട് ഭാഗത്തു നിന്നാണു തുടക്കം. തുടർന്ന് ഒരാഴ്ചയ്ക്കം വയനാട് ജില്ലയിലെ മേപ്പാടി ഭാഗത്തുനിന്നും പാറ തുരക്കൽ ആരംഭിക്കും. ഒരേ സമയം, ഇരുവശത്തു നിന്നും വലതുവശത്തെ തുരങ്കം തുരന്നു പോകുന്നതാണു നിർമാണ രീതി. ഇതിനുളള എല്ലായന്ത്ര സംവിധാനങ്ങളും സജ്ജമായതായി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ വി.കെ.ഹാഷിം അറിയിച്ചു. തുരങ്ക മുഖത്തേക്കുളള തടസ്സങ്ങളെല്ലാം നീക്കി. 12 മണിക്കൂർ ഷിഫ്റ്റിലാണു പ്രവൃത്തി. പാറ തുരക്കൽ ആരംഭിക്കുന്നതാടെ 24 മണിക്കൂറും പ്രവൃത്തി നടക്കും. തൊഴിലാളികൾക്കു താമസിക്കാനുള്ള ഷെൽട്ടറുകൾ തുരങ്കപ്പാതയ്ക്ക് അരികിലായി ലീസിന് എടുത്ത സ്ഥലത്ത് പൂർത്തിയായി. ആർച്ച് സ്റ്റീൽ പാലത്തിന്റെ നിർമാണവും അതിവേഗം പുരോഗമിക്കുന്നു.
അത്യാധുനിക യന്ത്രങ്ങൾ ഉപയോഗിച്ചു ഭീമൻ പാറകൾ തുരക്കുന്നതിനു തുരങ്കമുഖം നിരപ്പാക്കുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. പാറ പൊട്ടിക്കുന്ന ക്രഷർ യൂണിറ്റ്, തുരങ്കത്തിൽ നിന്നുള്ള കല്ല് നിക്ഷേപിക്കാനുള്ള ഡംപിങ് യൂണിറ്റ് എന്നിവ സജ്ജമാണ്. 8.73 കിലോമീറ്റർ ദൈർഘ്യത്തിലാണു തുരങ്കപ്പാത നിർമിക്കുന്നത്. 4 വർഷംകൊണ്ട് പദ്ധതി പൂർത്തിയാക്കുകയാണു ലക്ഷ്യം. വയനാട്ടിലെ കള്ളാടിയിൽ നിലവിൽ തുരങ്കമുഖം വരെയുള്ള ‘കട്ട് ആൻഡ് കവർ’ പ്രവൃത്തിയാണു പുരോഗമിക്കുന്നത്.
മേപ്പാടി–ചൂരൽമല റോഡിൽനിന്നു പ്രധാന തുരങ്കമുഖം വരെ 180 മീറ്റർ മണ്ണ് കുഴിച്ചു മറ്റൊരു ടണൽ നിർമിക്കുന്നതാണിത്.ഈ പ്രവൃത്തി പൂർത്തിയാകുന്ന മുറയ്ക്കു തുരങ്കപ്പാതയ്ക്കായുള്ള പാറ തുരക്കൽ പ്രവൃത്തി തുടങ്ങുകയാണു ലക്ഷ്യം. പാറ ഡ്രിൽ ചെയ്യുന്നതിനുള്ള ‘ബൂമർ’ യന്ത്രങ്ങൾ കള്ളാടിയിലെ പദ്ധതി സ്ഥലത്തെത്തിച്ചു.
