തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഭരണപരമായ നടപടികൾക്ക് തുടക്കമിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലമാറ്റവും സംബന്ധിച്ച മാർഗരേഖകൾ വ്യക്തമാക്കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വിവിധ വകുപ്പ് സെക്രട്ടറിമാർക്ക് കത്തയച്ചു.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് അവരുടെ സ്വന്തം ജില്ലയിൽ ചുമതല നൽകരുതെന്നാണ് പ്രധാന നിര്‍ദേശം. കഴിഞ്ഞ മൂന്ന് വർഷമായി ഒരേ ജില്ലയിൽ തുടർച്ചയായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ ഉടൻ മാറ്റണമെന്നും, മുൻ തിരഞ്ഞെടുപ്പുകളിൽ വീഴ്ച വരുത്തിയവർ, ക്രിമിനൽ കേസുകളിൽ പ്രതികളായവർ, അച്ചടക്ക നടപടി നേരിടുന്നവർ എന്നിവരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്. അടുത്ത ആറ് മാസത്തിനുള്ളിൽ സർവീസിൽ നിന്ന് വിരമിക്കുന്ന ഉദ്യോഗസ്ഥരെ റിട്ടേണിങ് ഓഫീസർ പദവിയിൽ നിയമിക്കരുത് എന്ന് കത്തിൽ പറയുന്നു.

നിലവിൽ സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം മാത്രമേ മാറ്റാവൂ എന്നും നിര്‍ദേശമുണ്ട്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ മാസം കേരളത്തിലെത്തും. ഇതിനോടകം തന്നെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരിശീലന പരിപാടികൾ സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *