കുണിയ: കുണിയയില്‍ നടക്കുന്ന സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളന നിയന്ത്രണത്തിന് 3313 വളണ്ടിയര്‍മാര്‍. വിഖായ, ത്വലബ, ആമില വളണ്ടിയര്‍മാര്‍ക്കു പുറമെ പ്രാദേശിക വളണ്ടിയര്‍മാരും ഉള്‍പ്പെടെയാണ് 3313 വളണ്ടിയര്‍മാരെ സജ്ജമാക്കിയത്. വിഖായ, ത്വലബ വളണ്ടിയര്‍മാരാണ് കൂടുതലായി സമ്മേളന നിയന്ത്രണത്തിന് ഉണ്ടാവുക. 101 ബറ്റാലിയനുകളായി തിരിച്ചാണ് വളണ്ടിയര്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം. ഓരോ ബറ്റാലിയനുകളിലും 33 പേരാണ് ഉണ്ടാവുക. ഓരോ ബറ്റാലിയനും ക്യാപ്റ്റനുണ്ടാകും. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ രഹസ്യ നിരീക്ഷകരും ഉണ്ടാകും.

ഭക്ഷണ പായ്ക്കിങ്, വിതരണം, കുടിവെള്ള വിതരണം, വി.ഐ.പി, വി.വി.ഐ.പി അതിഥികള്‍ക്കുള്ള ഭക്ഷണ വിതരണം, ക്യാംപ് വാഹന പാര്‍ക്കിങ്, ഗതാഗത നിയന്ത്രണം, സമാപന സമ്മേളനത്തിന് എത്തുന്ന വാഹങ്ങളുടെ പാര്‍ക്കിങ് നിയന്ത്രണം, ക്യാംപ് സ്റ്റേജുകളുടെ നിയന്ത്രണം, ക്ലോക്ക് റൂം, റിസപ്ഷന്‍, കാസര്‍കോട്, കാഞ്ഞങ്ങാട്, ബേക്കല്‍ ഫോര്‍ട്ട് റെയില്‍വേ സ്റ്റേഷനുകളിലെയും കാസര്‍കോട്, കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡുകളിലെയും ഹെല്‍പ് ഡസ്‌ക്, ഇലക്ട്രിക്കല്‍ ആന്‍ഡ് സൗണ്ട് സിസ്റ്റം സുരക്ഷാ ചുമതല, മെഡിക്കല്‍ സഹായം എന്നിവ വളണ്ടിയര്‍മാരുടെ ചുമതലയാണ്.
വളണ്ടിയര്‍ സംഗമം ഇന്ന് (ബുധന്‍) ഉച്ചയ്ക്ക് ഒന്നിന് സമ്മേളന പ്രതിനിധി ക്യാംപ് സൈറ്റില്‍ ചേരും.

എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍സെക്രട്ടറി ഒ.പി അഷ്റഫ് കുറ്റിക്കടവാണ് വളണ്ടിയര്‍ ക്യാപ്റ്റന്‍. മു്ഹ് യുദ്ദീന്‍ കുട്ടി യമാനി, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സലാം ഫറോക്ക്, അനസ് ഒളവറ എന്നിവരാണ് വൈസ് ക്യാപ്റ്റന്‍മാര്‍. ഷാരിഖ് ആലപ്പുഴയാണ് ഡ്യൂട്ടി കണ്‍ട്രോളര്‍, റഷീദ് ഫൈസി കാളികാവ്, വാഹിദ് നിലാമുറ്റം എന്നിവര്‍ അസി. ഡ്യൂട്ടി കണ്‍ട്രോളര്‍മാരുമാണ്.

Leave a Reply

Your email address will not be published. Required fields are marked *