ചെലവൂർ ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം (ഐ.ഐ.എസ്.ആർ) കഴിഞ്ഞ രണ്ടു വർഷങ്ങളിലായി വിജയകരമായി നടത്തി വരുന്ന ‘ഉദയം’ സംരംഭ–കാർഷിക പ്രദർശന വിപണന മേളയുടെ മൂന്നാം പതിപ്പ് (ഉദയം 3.0) ഫെബ്രുവരി അഞ്ചിന് ഗവേഷണ സ്ഥാപനത്തിൽ നടക്കും. കാർഷിക മേഖലയിലെ ചെറുകിട സംരംഭങ്ങൾക്കും മൂല്യവർധിത ഉത്പന്നങ്ങൾക്കും അവരുടെ ഉല്പന്നങ്ങൾ നേരിട്ട് ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്തുക എന്നതാണ് മേളയുടെ ലക്ഷ്യം.
പ്രദർശന മേളയുടെ ഉദ്ഘാടനം രാവിലെ 10 മണിക്ക് ജലവിഭവ വികസന വിനിയോഗ കേന്ദ്രം ഡയറക്ടർ ഡോ. മനോജ് സാമുവൽ നിർവഹിക്കും. കാർഷിക മൂല്യവർധിത ഉത്പന്നങ്ങൾ, ചെറുകിട സംരംഭങ്ങൾ എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നൽകുന്ന മേളയിൽ കോഴിക്കോടും സമീപജില്ലകളിലുമുള്ള നൂറോളം ചെറുകിട സംരംഭകർ അവരുടെ ഉല്പന്നങ്ങൾ പ്രദർശനത്തിനും വിപണനത്തിനുമായെത്തിക്കുന്നുണ്ട്.
കാർഷിക മേളയുടെ ഭാഗമായി ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനവും കേരള കാർഷിക സർവകലാശാലയും വികസിപ്പിച്ച വിവിധ ഇനം തൈകൾ, ഇഞ്ചി, മഞ്ഞൾ എന്നിവ ഉൾപ്പെടെയുള്ള വിത്തുകൾ, മറ്റ് നടീൽ വസ്തുക്കൾ, ജൈവ ഉപാധികൾ എന്നിവയുടെ വില്പനയും സംഘടിപ്പിക്കും. ഇതോടൊപ്പം ഐ.ഐ.എസ്.ആർ വികസിപ്പിച്ച അത്യുല്പാദന ശേഷിയുള്ള കുരുമുളകിനമായ ‘ഐ.ഐ.എസ്.ആർ ചന്ദ്ര’യുടെ തൈകളും കർഷകർക്ക് മേളയിൽ നിന്ന് ലഭ്യമാകും.
രാവിലെ 10 മുതൽ വൈകുന്നേരം 6 മണിവരെയാണ് മേള സംഘടിപ്പിക്കുന്നത്. പ്രവേശനം സൗജന്യമാണ്. കാർഷിക സംരംഭകർ, കർഷകർ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ തുടങ്ങി ഏവർക്കും മേള സന്ദർശിക്കാവുന്നതാണ്.
