ഇന്ത്യ അമേരിക്ക വ്യാപാര കരാറില്‍ സംയുക്ത പ്രസ്താവനയിറക്കി ഇരുരാജ്യങ്ങളും. അമേരിക്കയില്‍ നിന്നുള്ള നിരവധി കാര്‍ഷിക വ്യവസായിക ഉത്പന്നങ്ങള്‍ക്ക് നികുതിയില്ല. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തും എന്നതില്‍ അമേരിക്കയുടെ സ്ഥിരീകരണം. ട്രംപിന് നന്ദി പറഞ്ഞു മോദി.

വ്യാപാര കരാറിലൂടെ അമേരിക്കയുടെ സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ക്ക് പൂര്‍ണമായും ഇന്ത്യയുടെ പരമാധികാരത്തെ അടിയറവ് വെക്കുകയാണ് മോദി സര്‍ക്കാര്‍. കരാര്‍ പ്രകാരം യുഎസില്‍ നിന്നുള്ള ചുവന്ന ചോളം, കശുവണ്ടി, ബദാം, പഴവര്‍ഗങ്ങള്‍, സോയാബീന്‍ ഓയില്‍, വൈന്‍, സ്പിരിറ്റ് എന്നിവയുള്‍പ്പെടെയുള്ള ഭക്ഷ്യ-കാര്‍ഷിക ഉല്‍പന്നങ്ങളുടെ ഇറക്കുമതി തീരുവ ഇന്ത്യ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യും.

ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് യുഎസ് ചുമത്തിയിരുന്ന 25 ശതമാനം നികുതി 18 ശതമാനം ആയി കുറക്കുമെന്നതാണ് ധാരണ. 5 വര്‍ഷത്തിനുള്ളില്‍ 50,000 കോടി ഡോളറിന്റെ ഉത്പന്നങ്ങള്‍ ഇന്ത്യ അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യും. റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് 25ശതമാനം അധിക തീരുവ അമേരിക്ക റദ്ദാക്കിയത്.

എന്നാല്‍ ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി പുനരാരംഭിച്ചാല്‍ ഈ തീരുവ വീണ്ടും ചുമത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. കാര്‍ഷിക മേഖലയെയടക്കം ബാധിക്കുന്ന കരാറിൽ അവ്യക്തത തുടരുമ്പോഴും സംയുക്ത പ്രസ്താവനയില്‍ ട്രംപിന് മോദി നന്ദി പറഞ്ഞു. ഇതോടെ ട്രംപിന്റെ ഭീഷണിക്ക് മുൻപിൽ മോദി മുട്ടുമടക്കിയെന്നാരോപണം ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *