തെരഞ്ഞെടുപ്പ് സമയത്ത് എൻ എം രാജുവിൻ്റെ പക്കല്‍ നിന്ന് പണം വാങ്ങിയെന്ന് സമ്മതിച്ച് ആൻ്റോ ആൻ്റണി എം പി. തെരഞ്ഞെടുപ്പില്‍ പലരും സഹായിക്കുമെന്നും അങ്ങനെയാണ് എൻ എം രാജു തന്നെ സഹായിച്ചതെന്ന് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. എന്നാല്‍ എത്ര പണമാണ് തനിക്ക് എൻ രാജു നല്‍കിയതെന്ന് വെളിപ്പെടുത്തിയില്ല.

തെരഞ്ഞെടുപ്പിന് ശേഷം രണ്ടുമാസം കഴിഞ്ഞ് പണം തിരികെ വേണമെന്ന് എൻ എം രാജു ആവശ്യപ്പെട്ടു. അതുകഴിഞ്ഞ് താൻ പണം തിരികെ കൊടുത്തു. എൻ എം രാജു തനിക്ക് തന്ന പണം എത്രയാണോ അത് താൻ തിരികെ കൊടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജുവിന്റെ മകൾ വീട്ടിൽ വന്ന് പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് നൽകിയ പണം സഹായമാണ് എന്നാണ് കരുതിയിരുന്നത്. എൻ എം രാജു തനിക്കെതിരെ കള്ള ആരോപണം ഉന്നയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ആന്റോ ആന്റണി തന്റെ കമ്പനിയിൽ നിന്ന് 2 കോടി രൂപ വായ്പയായി കൈപ്പറ്റിയെന്നാണ് എൻ എം രാജു വെളിപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഫണ്ട് തികയാതെ വന്നപ്പോൾ ആന്റോ ആന്റണിയുടെ ഭാര്യ പലതവണ തന്റെ ഓഫീസിലും വീട്ടിലും വന്ന് സഹായം അഭ്യർത്ഥിച്ചതിനെത്തുടർന്നാണ് ഈ തുക നൽകിയത്.

രണ്ടു മാസത്തിനകം പണം തിരികെ നൽകാമെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും ഏഴ് വർഷം കഴിഞ്ഞിട്ടും പണം പൂർണ്ണമായി തിരിച്ചടച്ചിട്ടില്ല. ഇതുവരെ രണ്ട് ഘട്ടങ്ങളിലായി 20 ലക്ഷം രൂപ (പത്തു ലക്ഷം വീതം) മാത്രമാണ് തിരികെ നൽകിയത് എന്ന് രാജു പറയുന്നു. ബാക്കി തുക നൽകാൻ അദ്ദേഹം തയ്യാറായിട്ടില്ലെന്ന് എൻ രാജു ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *