ചെന്നെെ: ജീവിതത്തിൽ പിന്നിലേക്ക് പോയി എന്തെങ്കിലും മാറ്റാൻ അവസരം ലഭിച്ചാൽ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് നടൻ കിഷോർ‌ പറഞ്ഞ മറുപടി ചർ‌ച്ചയാകുന്നു. നടൻ്റെ ​പുതിയ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽ നൽകിയ പ്രതികരണമാണ് വലിയ ചർച്ചയായിരിക്കുന്നത്.

ജീവിതത്തിൽ തിരികെ പോയി എന്തെങ്കിലും മാറ്റാൻ അവസരം ലഭിച്ചാൽ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് “2014ലേക്ക് മടങ്ങിപ്പോയി രാജ്യത്തിന്റെ പ്രധാനമന്ത്രിയെ മാറ്റും” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ ഈ അഭിപ്രായം അഭിമുഖത്തിൽ എഡിറ്റ് ചെയ്യാതെ ഉൾപ്പെടുത്തുമോയെന്ന് അറിയില്ലെന്നും, എന്നിരുന്നാലും അത് തുറന്നുപറയുകയാണെന്നും കിഷോർ അതേ അഭിമുഖത്തിൽ തന്നെ പറയുകയും ചെയ്യുന്നുണ്ട്.ഇന്ത്യ ഇന്ന് അനുഭവിക്കുന്ന സാഹചര്യം അതിനേക്കാൾ വ്യത്യസ്തമായിരുന്നേനെയെന്നും, നിലവിൽ രാജ്യത്ത് വളർന്നുവരുന്ന വിദ്വേഷം ഗുരുതരമായ ഭീഷണിയാണെന്നും അദ്ദേഹം പറയുന്നു. ഈ വഴിയിലൂടെ മുന്നോട്ട് പോയാൽ അവസ്ഥ മാറ്റാൻ പതിറ്റാണ്ടുകൾ വേണ്ടി വരുമെന്നും കിഷോർ പറയുന്നു.

അതേസമയം, തങ്ങളുടെ പുതിയ ചിത്രമായ ‘മെല്ലിസൈ’ മനുഷ്യർ തമ്മിലുള്ള സ്നേഹത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും, സ്‌നേഹം എല്ലാ കാലത്തും അനിവാര്യമാണെന്ന സന്ദേശമാണ് സിനിമ നൽകുന്നതെന്നും കിഷോർ വ്യക്തമാക്കി. വെറുപ്പിനെ രാഷ്ട്രീയ നിക്ഷേപമാക്കി അധികാരത്തിലേറുന്നത് സമൂഹത്തിന് വലിയ അപകടമാണെന്നും, അതിന്റെ പ്രത്യാഘാതം ഭീകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറെ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത് സിനിമ രം​ഗത്ത് തൻ്റേതായ ഇടം നേടിയ നടനാണ് കിഷോർ. കന്നഡ സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന കിഷോർ പിന്നീട് തമിഴ്–മലയാളം ചിത്രങ്ങളിലൂടെയും ശ്രദ്ധേയനായി.

Leave a Reply

Your email address will not be published. Required fields are marked *