ശബരിമല സ്വർണക്കൊള്ളയിൽ അടൂർ പ്രകാശ് എംപിക്ക് പിന്നാലെ ആന്റോ ആന്റണി എംപിയും ചോദ്യമുനയിലേക്ക്. സ്വർണക്കൊള്ള കേസ് മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള അടുപ്പം സംബന്ധിച്ച് എസ്ഐടി ആന്റോ ആന്റണിയെ ചോദ്യം ചെയ്യും. എസ്ഐടി നോട്ടീസ് നൽകി വിളിച്ച് വരുത്തി ചോദ്യം ചെയ്യും. സോണിയ ഗാന്ധിക്ക് ഒപ്പമുള്ള ചിത്രത്തിൽ ആൻ്റോ ആന്റണിയുമുണ്ടായിരുന്നു.

തിരുവല്ല നെടുംപറമ്പിൽ ക്രെഡിറ്റ്‌ സിൻഡിക്കേറ്റ് നിക്ഷേപ തട്ടിപ്പിൽ ആന്റോ ആന്റണിയിൽ നിന്ന് ഇഡിയും വിവരം തേടും. സ്ഥാപന ഉടമ എൻ എം രാജു 2 കോടി നൽകിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. ആന്റോ ആന്റണിക്ക് ലഭിച്ചത് തട്ടിപ്പ് പണമാണോ എന്നാണ് ഇഡി അന്വേഷിക്കുന്നത്. കേസിൽ എൻ എം രാജുവിന്റെ സ്ഥാപനത്തിലും വീട്ടിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. ഉടമകളുടെ പേരിലുള്ള 44.5 കോടിയുടെ സ്വത്തുക്കൾ മരവിപ്പിച്ചിട്ടുണ്ട്.

നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ എം രാജു പണം തന്ന് സഹായിച്ചിട്ടുണ്ടെന്ന് ആന്റോ ആന്റണി എംപി വ്യക്തമാക്കിയിരുന്നു. തനിക്ക് തന്ന പണം എത്രയാണോ അത് തിരികെ കൊടുത്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ പണം സഹായമാണ് എന്നാണ് കരുതിയിരുന്നത്. എൻ എം രാജു തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നെന്നും ആന്റോ ആന്റണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *