കൊച്ചി: തിരുവാങ്കുളത്ത് പതിനാറുകാരിയായ പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കാരണം കണ്ടെത്താനാകാതെ പൊലീസ് അന്വേഷണം വഴിമുട്ടുന്നു. പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിരുന്ന കൊറിയൻ സുഹൃത്തിനെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതാണ് പൊലീസിനെ കുഴപ്പിക്കുന്നത്. ഏറെ പരിശ്രമത്തിനൊടുവിൽ പെൺകുട്ടിയുടെ മൊബൈൽ ഫോൺ അൺലോക്ക് ചെയ്ത് പരിശോധിച്ചെങ്കിലും ഇൻസ്റ്റാഗ്രാം, വാട്സ്ആപ്പ് ചാറ്റുകളെല്ലാം നേരത്തെ തന്നെ ഡിലീറ്റ് ചെയ്ത നിലയിലായിരുന്നു. ഇതോടെ സൈബർ തെളിവുകൾ ശേഖരിക്കുന്നത് പൊലീസിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

കഴിഞ്ഞ ജനുവരി 27-നാണ് തിരുവാങ്കുളം മാമല സ്വദേശി മഹേഷിന്റെ മകൾ ആദിത്യയെ വീടിന് സമീപത്തെ ക്വാറിയിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദിത്യയുടെ ബാഗിൽ നിന്നും ലഭിച്ച ആത്മഹത്യാക്കുറിപ്പിൽ, ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട തന്റെ കൊറിയൻ സുഹൃത്ത് മരിച്ചതിൽ മനംനൊന്താണ് താൻ ജീവനൊടുക്കുന്നത് എന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇത്തരമൊരു സുഹൃത്ത് യഥാർത്ഥത്തിൽ ഉണ്ടോ അതോ വ്യാജ പ്രൊഫൈലുകൾ വഴി ആരെങ്കിലും പെൺകുട്ടിയെ ചതിച്ചതാണോ എന്ന കാര്യത്തിൽ പൊലീസിന് ഇപ്പോഴും വ്യക്തത ലഭിച്ചിട്ടില്ല.

ഡിലീറ്റ് ചെയ്യപ്പെട്ട സോഷ്യൽ മീഡിയ ചാറ്റുകൾ വീണ്ടെടുക്കാനായി സൈബർ സെല്ലിന്റെ സഹായം തേടിയിരിക്കുകയാണ് അന്വേഷണ സംഘം. കൊറിയൻ പോപ്പ് സംഗീതത്തോടും സംസ്കാരത്തോടും പെൺകുട്ടിക്ക് വലിയ താൽപ്പര്യമുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചനകൾ. പെൺകുട്ടിയുടെ സുഹൃത്തുക്കളിൽ നിന്നും സഹപാഠികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും സൈബർ തെളിവുകൾ ലഭിച്ചാൽ മാത്രമേ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *