കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധിക്കൊപ്പം സെല്‍ഫി എടുത്ത വനിതാ കോണ്‍സ്റ്റബിള്‍മാര്‍ക്കെതിരെ നടപടിയെടുത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പ്രിയങ്കയ്‌ക്കൊപ്പം നിൽക്കുന്ന പൊലീസുകാരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് നടപടിയെടുക്കാൻ ഉന്നത കേന്ദ്രങ്ങൾ തീരുമാനമെടുത്തത്.പ്രിയങ്ക തന്നെയാണ് സെൽഫികൾ ട്വീറ്റുചെയ്തത്. ലഖ്‌നൗ പൊലീസ് കമ്മീഷണര്‍ ഡികെ ഠാക്കൂറാണ് ഇക്കാര്യം അറിയിച്ചത്. ഡ്യൂട്ടിക്കിടെ പ്രിയങ്കക്കൊപ്പം സെല്‍ഫിയെടുത്തുവെന്നാണ് ഇവർക്കെതിരെ ഉയർന്ന ആരോപണം.ഉത്തര്‍പ്രദേശിൽ പൊലീസ് കസ്റ്റഡിയില്‍ മരിച്ച യുവാവിന്റെ കുടുംബത്തെ കാണാനെത്തിയ പ്രിയങ്കാഗാന്ധിയെ കഴിഞ്ഞ ദിവസം ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ്‌വേയില്‍ പൊലീസ് തടഞ്ഞിരുന്നു. ഇതിനിടെയാണ് കോണ്‍സ്റ്റബിള്‍മാര്‍ പ്രിയങ്കക്കൊപ്പം നിന്ന് സെല്‍ഫി എടുത്തത്.പൊലീസുകാര്‍ക്കെതിരെയുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് പ്രിയങ്ക രംഗത്തെത്തി. ‘എനിക്കൊപ്പം നിന്ന് ചിത്രം എടുക്കുന്നത് കുറ്റകരമാണെങ്കില്‍ എന്നെ ശിക്ഷിക്കൂ, എന്തിനാണ് ഉദ്യോഗസ്ഥരെ ശിക്ഷിക്കുന്നത്.’ എന്നായിരുന്നു പ്രിയങ്കാഗാന്ധി ട്വീറ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *