സ്കൂൾ പാഠപുസ്തക വിതരണം നേരത്തെ ആക്കിയതിനെ പരിഹസിച്ച രമേശ് ചെന്നിത്തല വിദ്യാർഥികളോട് മാപ്പ് പറയണമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പാവപ്പെട്ട മക്കൾ പഠിച്ചിരുന്നത് കണ്ട് ചെന്നിത്തലക്ക് സമനില തെറ്റി. ഫലം വരുന്നതിന് മുമ്പ് പുസ്തകം അച്ചടിക്കുന്നത് നിശ്ചയദാർഢ്യം. പാഠപുസ്തകങ്ങൾ നേരത്തെ നൽകുന്നത് ഭരണ മികവാണെന്നും വി. ശിവൻകുട്ടി പറഞ്ഞു. ഓണം കഴിഞ്ഞിട്ടും കുട്ടികൾക്ക് ഇതൊന്നും നൽകാത്തതാണോ വികസന മാതൃകയെന്നും മന്ത്രി ചോദിച്ചു. കല്ലേപ്പലകയിൽ മാത്രം പഠിച്ചാൽ മതിയെന്നാണോ ചെന്നിത്തലയുടെ വാശിയെന്നും ശിവൻകുട്ടിയുടെ ചോദ്യം.

ഫോട്ടോസ്റ്റാറ്റ് എടുത്ത് പഠിച്ച ഒരു കാലം നമുക്ക് ഉണ്ടായിരുന്നു. 2016 കാലത്തിന് നേതൃത്വം കൊടുത്ത ഒരു മഹാൻ ഇന്ന് പറയുന്നു പാഠപുസ്തകങ്ങൾ നേരത്തെ വിതരണം ചെയ്യുന്നത് തുഗ്ലപരിഷ്കാരമാണെന്ന്. പാഠപുസ്തകങ്ങൾ നേരത്തെ എത്തിക്കുന്നത് ഒരു കുറ്റമാണോ? കുറ്റമാണ് എന്നാണ് അദ്ദേഹം പറയുന്നത്. പഴയ കാലഘട്ടത്തെ പോലെ ഓണം കഴിഞ്ഞിട്ടും പാഠപുസ്തകത്തിന് വേണ്ടി കാത്തിരിക്കുന്ന ഘട്ടം ഉണ്ടാകില്ല. വരേണ്യ വർ​ഗത്തിന് മാത്രം ലഭിച്ചിരുന്ന സൗകര്യമാണ് ഇപ്പോൾ എല്ലാവർക്കും ലഭിക്കുന്നത്. ഉത്തരവാദിത്തപ്പെട്ട ഒരു രാഷ്ട്രീയ നേതാവ് ഇത്തരത്തിൽ ഒരു പരാമർശം നടത്തുന്നത് ഖേദകരമാണെന്നും ശിവൻകുട്ടി പറ‍ഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *