ഭാരതീയ കലകളുടെയും പൈതൃകത്തിന്റെയും സംഗമവേദിയായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് (NITC). മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സ്പിക് മാകെ (SPIC MACAY) കേരള സംസ്ഥാന സമ്മേളനത്തിന് എൻ.ഐ.ടി ക്യാമ്പസിൽ ഉജ്ജ്വല തുടക്കമായി. നൂറുകണക്കിന് വിദ്യാർത്ഥികളും പ്രമുഖ കലാകാരന്മാരും ചിന്തകരും പങ്കെടുക്കുന്ന ഈ സാംസ്കാരിക സംഗമം ക്യാമ്പസിനെ ഒരു ‘ഗുരുകുല’മായി മാറ്റിയിരിക്കുകയാണ്.
ഉദ്ഘാടന ചടങ്ങ് കോഴിക്കോട് ജില്ലാ കളക്ടർ ശ്രീ സ്നേഹിൽ കുമാർ സിംഗ് ഐ.എ.എസ്, സിറ്റി പോലീസ് കമ്മീഷണർ ശ്രീ ജയദേവ് ജി ഐ.പി.എസ് എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു. ആധുനിക വിദ്യാഭ്യാസത്തിൽ സാംസ്കാരിക അവബോധത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് ഇരുവരും സംസാരിച്ചു. എൻ.ഐ.ടി കാലിക്കറ്റ് ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളുടെ സമഗ്രമായ വ്യക്തിത്വ വികാസത്തിന് ഇത്തരം സംഗമങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
സ്പിക് മാകെ സ്ഥാപകൻ പത്മശ്രീ പ്രൊഫ. കിരൺ സേത്ത് മുഖ്യപ്രഭാഷണം നടത്തി. ഭാരതീയ കലകളുടെ ആത്മീയവും ചിന്താപരവുമായ തലങ്ങൾ ഉൾക്കൊള്ളാൻ വിദ്യാർത്ഥികൾ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. എൻ.ഐ.ടി സ്റ്റുഡന്റ് വെൽഫെയർ ഡീൻ പ്രൊഫ. സത്യനന്ദ പാണ്ഡ സ്വാഗതവും ഡോ. ഉമാമഹേശ്വര ശർമ ബി നന്ദിയും രേഖപ്പെടുത്തി.
പ്രശസ്ത വയലിൻ വിദ്വാൻ വിദുഷി കന്യാകുമാരിയുടെ സംഗീതക്കച്ചേരി ഉദ്ഘാടന ദിനത്തെ ധന്യമാക്കി. ഗുരു മാർഗി മധു അവതരിപ്പിച്ച കൂടിയാട്ടം, കലാമണ്ഡലം മോഹനകൃഷ്ണന്റെ നാടൻ കലാരൂപങ്ങൾ, കെ. പ്രതാപ് പോളും സംഘവും അവതരിപ്പിച്ച ഘരാന കൊയർ, ഉസ്താദ് യാസിർ കുരിക്കളിന്റെ നേതൃത്വത്തിലുള്ള കോൽക്കളി എന്നിവ സമ്മേളനത്തിന് മാറ്റുകൂട്ടി.

കേവലം പ്രകടനങ്ങളിൽ ഒതുങ്ങാതെ, വിദ്യാർത്ഥികൾക്ക് കലകളെ അടുത്തറിയാനുള്ള അവസരമാണ് ഈ റെസിഡൻഷ്യൽ ക്യാമ്പ് ഒരുക്കുന്നത്. പ്രഗത്ഭരായ കലാകാരന്മാരുമായി നേരിട്ട് സംവദിക്കാനുള്ള അവസരം.ലാകാരന്മാരും വിദ്യാർത്ഥികളും ഒരേ ക്യാമ്പസിൽ താമസിച്ച് അച്ചടക്കമുള്ള ദിനചര്യകളിലൂടെയും ചർച്ചകളിലൂടെയും പൈതൃകത്തെ അടുത്തറിയുന്നു.സിനിമ, കരകൗശല വിദ്യകൾ, ശാസ്ത്രീയ നൃത്തം, സംഗീതം എന്നിവയിൽ പ്രത്യേക പരിശീലനം.

ഭാരതീയ സംസ്കാരത്തിന്റെയും തനിമയുടെയും ലോകത്തേക്ക് വിദ്യാർത്ഥികളെ നയിക്കുന്ന ഈ സാംസ്കാരിക യാത്ര വരും ദിവസങ്ങളിലും തുടരും.

Leave a Reply

Your email address will not be published. Required fields are marked *