മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്കെതിരെ കര്‍ണാടക സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമപ്രകാരം(കെ.സി.ഒ.സി.എ.) ചുമത്തിയ കുറ്റം സുപ്രീംകോടതി പുനഃസ്ഥാപിച്ചു.
ഗൗരി ലങ്കേഷിന്റെ സഹോദരി കവിത ലങ്കേഷ്, കുറ്റം റദ്ദാക്കിയ കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവിനെതിരെ നല്കിയ ഹരജിയിലാണ് തീരുമാനം. ബെംഗളൂരു പൊലീസ് കമ്മിഷണര്‍ 2018-ല്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് മോഹന്‍ നായക് എന്ന പ്രതിക്കെതിരെ കെ.സി.ഒ.സി.എ. പ്രകാരം കുറ്റംചുമത്തിയത്. ഏപ്രില്‍ 22ന് ഹൈക്കോടതി ഇത് റദ്ദാക്കുകയിരുന്നു.
ഗൗരി ലങ്കേഷ് 2017 സെപ്റ്റംബറിലാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഘപരിവാര്‍ സംഘടനകളെ രൂക്ഷമായി എതിര്‍ത്തിരുന്ന ഗൗരി ലങ്കേഷിന് ഭീഷണിയുണ്ടായിരുന്നു.
സ്വകാര്യ ചാനലിലെ പരിപാടി കഴിഞ്ഞ് വീട്ടിലെത്തിയ ഗൗരി ലങ്കേഷ് ഗേറ്റ് തുറക്കുന്നതിനിടയില്‍ അക്രമികള്‍ വെടിവെയ്ക്കുകയായിരുന്നു. ഏഴ് റൗണ്ട് വെടിയുതിര്‍ത്തതില്‍ മൂന്നെണ്ണം ശരീരത്തില്‍ തുളച്ചുകയറി. സംഭവസ്ഥലത്ത് വെച്ചുതന്നെ അവര്‍ മരിച്ചു.
