കൊച്ചി: കോട്ടയം സ്വദേശിയായ ഡോക്ടറുടെ ഫോണ്‍ ചോര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ യൂട്യൂബര്‍ ഷാജന്‍ സ്‌കറിയ എല്ലാ ശനിയാഴ്ചയും പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം. എല്ലാ ശനിയാഴ്ചയും വൈകിട്ട് നാല് മണിക്കും ആറ് മണിക്കും ഇടയില്‍ അടുത്ത മൂന്ന് മാസം കടവന്ത്ര പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം എന്നാണ് കോടതിയുടെ നിര്‍ദേശം. കേസില്‍ ഷാജന്‍ സ്‌കറിയ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ അംഗീകരിച്ചാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ്.

ഷാജന്‍ സ്‌കറിയ അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. സമാന സ്വഭാവമുള്ള കുറ്റകൃത്യത്തില്‍ ഏര്‍പ്പെടരുത്. പരാതിക്കാരനെയോ സാക്ഷികളെയോ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുത്. കേസിലെ പരാതിക്കാരനായ ഡോക്ടര്‍ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ ഒരു കമന്റും നടത്തരുതെന്നും കോടതി പറഞ്ഞു.

ജാമ്യമില്ലാ കുറ്റം ചുമത്തിയിട്ടും ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്യാത്ത കൊച്ചി പൊലീസിന്റെ നടപടിയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. നിരന്തരം കുറ്റകൃത്യം ചെയ്യുന്ന ആളാണ് യൂട്യൂബര്‍ ഷാജന്‍ സ്‌കറിയ. എന്നിട്ടും എന്തുകൊണ്ട് ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്തില്ലെന്നും ആയിരുന്നു സെഷന്‍സ് കോടതിയുടെ ചോദ്യം.

ഷാജന്‍ സ്‌കറിയ ഒളിവിലാണെന്ന പ്രോസിക്യൂഷന്റെ മറുപടിയിലും കോടതി വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഷാജന്‍ സ്‌കറിയ പ്രതിദിനം യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്യുന്നുണ്ടല്ലോ. ഇത്രയധികം പ്രശ്‌നക്കാരനായ ഷാജന്‍ സ്‌കറിയയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്നുമാണ് സെഷന്‍സ് കോടതി ചോദിച്ചത്.

കടവന്ത്ര പൊലീസ് ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് കഴിഞ്ഞ നവംബറില്‍ ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ കേസെടുത്തത്. ബിഎന്‍എസ്, ഐടി നിയമം, ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണ നിയമം എന്നീ നിയമങ്ങളിലെ ജാമ്യമില്ലാ വകുപ്പുകളാണ് ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ പൊലീസ് ചുമത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *