കൽപ്പറ്റ: മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി നിർമ്മിച്ച വയനാട് ടൗൺഷിപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ ടി സിദ്ദിഖ് എംഎൽഎയ്ക്ക് നേരെ കൂക്കിവിളി. ചീഫ് സെക്രട്ടറി എംഎൽഎയുടെ പേര് പരാമർശിച്ചപ്പോഴും അദ്ദേഹം പ്രസംഗിക്കാൻ എഴുന്നേറ്റപ്പോഴും സദസിൽ നിന്ന് പ്രതിഷേധമുയർന്നു. ഈ കൂവൽ തന്നെ ഏറെ വേദനിപ്പിച്ചു. മനോവിഷമമുണ്ടാക്കി. കൂവൽ ആസൂത്രിതമാണെന്ന് സംശയമുണ്ട്. ഇടപെടേണ്ടവർ ഇടപെട്ടില്ല.
ദുരിതബാധിതർ ആരും കൂവിയിട്ടില്ല. അവരെല്ലാം കയ്യടിക്കുകയാണ് ചെയ്തതെന്നും ടി സിദ്ദിഖ് പറഞ്ഞു. ഇത് സി പി എം പ്രവർത്തകർ ആസൂത്രിതമായി ചെയ്തതാണെന്നും ടി. സിദ്ദിഖ് പിന്നീട് പ്രതികരിച്ചു.
ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പം നിന്ന തനിക്കെതിരെ “കല്ലിട്ടു പോകുന്നവർ” എന്ന മന്ത്രിയുടെ പരാമർശം ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിനോട് ചേർന്ന് നിന്ന് ഇനിയും ദുരന്തബാധിതർക്കായി പ്രവർത്തിക്കുമെന്നും 50-ലധികം വീടുകൾ ഇതിനോടകം സമർപ്പിച്ചുവെന്നും എംഎൽഎ വ്യക്തമാക്കി.
ടൗൺഷിപ്പ് നിർമ്മാണത്തിന് സർക്കാരിന് സഹായം നൽകരുതെന്ന് ചിലർ പ്രചരിപ്പിച്ചുവെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഈ പരാമർശത്തിന് സദസിൽ നിന്ന് വലിയ കൈയ്യടിയാണ് ലഭിച്ചത്. ആദ്യഘട്ടത്തിൽ നിർമ്മാണം പൂർത്തിയായ 178 വീടുകളുടെ താക്കോൽദാനവും പട്ടയ വിതരണവും മുഖ്യമന്ത്രി നിർവ്വഹിച്ചു.
