അമ്മയിൽ നിന്നും കുഞ്ഞിനെ മാറ്റിയ സംഭവത്തിൽ അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടികള്‍ കോടതി സ്റ്റേ ചെയ്തു.തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയാണ് നടപടി റദ്ദാക്കിയത്.ദത്ത് നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് സര്‍ക്കാരും ശിശുക്ഷേമ സമിതിയും കോടതിയില്‍ ഉന്നയിക്കുകയും ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ ഹര്‍ജി പരിഗണിച്ചാണ് കോടതി ഇടക്കാല സ്‌റ്റേ അനുവദിച്ചിരിക്കുന്നത്. കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടതാണോ സമര്‍പ്പിക്കപ്പെട്ടതാണോ എന്ന് കാര്യത്തില്‍ വ്യക്തത വേണമെന്ന് കോടതി നിരീക്ഷിച്ചു.ആന്ധ്രാ സ്വദേശികളായ ദമ്പതികള്‍ക്കാണ് അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയിരിക്കുന്നത് എന്നാണ് സൂചന. ഉപേക്ഷിക്കപ്പെട്ടത് എന്നാണ് ശിശുക്ഷേമ സമിതി അറിയിച്ചിരുന്നത്. എന്നാല്‍ കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ടതാണോ സമര്‍പ്പിക്കപ്പെട്ടതാണോ എന്ന കാര്യത്തിലാണ് പ്രധാന തര്‍ക്കമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇതില്‍ വ്യക്തത വരുന്നതുവരെ ദത്തെടുക്കല്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്നും അഭിഭാഷകന്‍ പറഞ്ഞു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

അതേസമയം, കുഞ്ഞിന്റെ അമ്മ അനുപമയാണെന്ന് വ്യക്തത വരുത്തേണ്ടതുണ്ടെങ്കില്‍ അതിന് ഡി.എന്‍.എ. പരിശോധന ആവശ്യമാണ്. അത് ആവശ്യമെങ്കില്‍ നടത്തേണ്ടി വരുമെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു.

നടപടികൾ നിർത്തിവയ്ക്കാൻ ഉത്തരവിട്ട വഞ്ചിയൂർ കുടുംബക്കോടതിയുടെ വിധി സ്വാഗതം ചെയ്ത് അനുപമ. കുഞ്ഞിനെ കിട്ടുമെന്ന പ്രതീക്ഷയോടെയാണ് ഇത്രയും കാലം ജീവിച്ചതെന്നും സ്വന്തം കുഞ്ഞിനെ തിരികെ കിട്ടുമെന്ന വിശ്വസമിപ്പോൾ ഉണ്ടെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു. സർക്കാർ പിന്തുണയറിയിച്ചിട്ടും ഞാൻ വിശ്വസിച്ചിരുന്നില്ല. എന്നാൽ സർക്കാർ കോടതിയിൽ അനുകൂല നിലപാട് സ്വീകരിച്ചത് കണ്ടപ്പോൾ സന്തോഷം തോന്നുന്നു അനുപമ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *