സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ ആനക്കാംപൊയിൽ – കളളാടി മേപ്പാടി തുരങ്കപാതക്കായുള്ള പാറ തുരക്കൽ ഇന്നാരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്യും. മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കും. കോഴിക്കോട് മറിപ്പുഴ സ്വർഗംകുന്ന് ഭാഗത്താണ് ആദ്യം പ്രവർത്തി തുടങ്ങുന്നത്.
11 മണിക്കാണ് ആദ്യ ബ്ലാസ്റ്റിങ്, ഇതിനായി സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായി. ജനങ്ങൾക്ക് ഇവിടേയ്ക്ക് പ്രവേശനമില്ല. മുത്തപ്പൻ പുഴ സെൻ്റ് സെബാസ്റ്റ്യൻ LP സ്കൂൾ മുറ്റത്ത് വീഡിയോ വാളിൽ തത്സമയം പരിപാടി കാണാം. മറിപ്പുഴ സ്വർഗംകുന്ന് ഭാഗത്താണ് ആദ്യം പാറ തുരക്കുന്നത്. ആസ്ട്രേലിയൻ സാങ്കേതികവിദ്യയിൽ കട്ട് ആൻഡ് കവർ രീതിയിലാണ് തുരക്കുക. കൃത്യമായ അളവിലും ആഴത്തിലും റോക്ക് ഡ്രിൽ ബൂമറുകൾ ഉപയോഗിച്ചാവും പ്രവർത്തി നടക്കുക.
വയനാട് കള്ളാടി ഭാഗത്ത് മണ്ണ് കൂടുതൽ നീക്കാനുള്ളതിനാൽ അവിടെ പാറ തുരക്കൽ പിന്നീടാകും. കോഴിക്കോട് – വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന 8.73 കിലോ മീറ്റർ വരുന്ന തുരങ്കപാത കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന വികസന പദ്ധതികളിൽ ഒന്നാണ്. കിഫ്ബിയിൽ 2134.5 കോടിരൂപ ചെലവിലാണ് സ്വപ്നപാതയുടെ നിർമ്മാണം. കൊങ്കൺ റെയിൽ കോർപറേഷനാണ് നിർവഹണ ഏജൻസി.
