മുണ്ടക്കൈ-ചൂരൽമല പുനരധിവാസ ടൗൺഷിപ്പ് സന്ദർശനത്തിനിടെയുണ്ടായ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിനെ ഫോണിൽ വിളിച്ച് നടൻ മമ്മൂട്ടി. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച മമ്മൂട്ടി, താൻ പറഞ്ഞ കാര്യങ്ങൾ അപമാനിച്ചതായി കണക്കാക്കേണ്ടെന്നും അത് തികച്ചും വ്യക്തിപരമായ സംഭാഷണമായിരുന്നുവെന്നും പറഞ്ഞു. കെ റഫീഖ് തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയത്. മലയാളത്തിൻ്റെ മഹാനടൻ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി ഒരുക്കിയ ടൗൺഷിപ്പിൽ മമ്മൂട്ടി എത്തിയത് എല്ലാവർക്കും സന്തോഷമുള്ള കാര്യമാണ് എന്നും കെ റഫീഖ് പറഞ്ഞു.
താങ്കളോട് മാത്രമായി പറഞ്ഞ കാര്യങ്ങൾ എങ്ങനെ പുറത്തുവന്നുവെന്ന് അറിയില്ലെന്നും അത് സ്വകാര്യമായി മാത്രം കണ്ടാൽ മതിയെന്നും മമ്മൂട്ടി വ്യക്തമാക്കി. ഫോൺ വിളിച്ചതിന് പുറമെ മമ്മൂട്ടി റഫീഖിനെ വീഡിയോ കോൾ ചെയ്യുകയും സംസാരിക്കുകയും ചെയ്തു. രണ്ട് തവണയാണ് ഇരുവരും സംസാരിച്ചത്.
സന്ദർശനത്തിനിടെ തിരക്ക് നിയന്ത്രിക്കാൻ കൂടെ നിന്ന റഫീഖിനോട് നിങ്ങൾ എന്തിനാണ് എപ്പോഴും എന്റെ കൂടെ നിൽക്കുന്നത്, മാറി നിന്നാൽ മതി” എന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ പൊതുപ്രവർത്തകനോടുള്ള മമ്മൂട്ടിയുടെ പ്രതികരണത്തെ വിമർശിച്ചുകൊണ്ട് നിരവധി പോസ്റ്റുകൾ വന്നിരുന്നു.
സിപിഐഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം എ ബേബിയുടെ സന്ദർശനത്തിന് പിന്നാലെയാണ് മമ്മൂട്ടിയും നിർമ്മാതാവ് ആന്റോ ജോസഫും സ്ഥലത്തെത്തിയത്. നേരത്തെ തന്നെ അവിടെയുണ്ടായിരുന്ന കെ റഫീഖ് ഉൾപ്പെടെയുള്ള നേതാക്കൾ മമ്മൂട്ടിയെ സ്വീകരിക്കുകയും കൂടെ നടക്കുകയും ചെയ്തപ്പോഴാണ് വിവാദ പരാമർശം ഉണ്ടായത്.
