ന്യൂഡൽഹി ∙ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെബംഗാൾ സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചകളിലും പ്രോട്ടോക്കോൾ ലംഘനങ്ങളിലും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ ബംഗാൾ ചീഫ് സെക്രട്ടറി നന്ദിനി ചക്രവർത്തിയിൽ നിന്ന് റിപ്പോർട്ട് തേടി. നാലു കാര്യങ്ങളിലാണ് കേന്ദ്രം സംസ്ഥാനത്തിന്റെ വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
രാഷ്ട്രപതിയെ സ്വീകരിക്കാനും യാത്രയാക്കാനും മുഖ്യമന്ത്രിയോ ചീഫ് സെക്രട്ടറിയോ ഡിജിപിയോ എത്താത്തതിലെ കാരണം, രാഷ്ട്രപതിക്കായി സജ്ജീകരിച്ച ശുചിമുറിയിൽ വെള്ളം ഇല്ലായിരുന്നു, യാത്രയ്ക്കായി തിരഞ്ഞെടുത്ത വഴിയിൽ മാലിന്യങ്ങൾ നിറഞ്ഞു കിടന്നിരുന്നു, രാഷ്ട്രപതിയുടെ പരിപാടിയിൽ വീഴ്ച വരുത്തിയ ഡാർജിലിങ് ജില്ലാ മജിസ്ട്രേട്ട്, സിലിഗുരി പൊലീസ് കമ്മിഷണർ തുടങ്ങിയ ഉദ്യോഗസ്ഥർക്കെതിരെ എന്ത് നടപടിയെടുത്തു എന്നീ കാര്യങ്ങളിലാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. വൈകിട്ട് 5 മണിക്ക് മുൻപ് മറുപടി നൽകണമെന്നാണ് ആവശ്യം.
അതേസമയം, രാഷ്ട്രപതിയുടെ പരിപാടിയിൽ താൻ പങ്കെടുക്കേണ്ട കാര്യമില്ലെന്നും പ്രോട്ടോക്കോൾ ലംഘനം നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. ബിജെപി രാഷ്ട്രപതിയുടെ പദവിയെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്നും അവർ കുറ്റപ്പെടുത്തി. ബംഗാൾ സർക്കാരിന്റെ നടപടി നാണക്കേടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിമർശിച്ചു. രാഷ്ട്രപതിയെ അപമാനിച്ചത് രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ പദവിയെ അപമാനിക്കുന്നതിനു തുല്യമാണ്. നാരി ശക്തി ഇതിനു മാപ്പ് നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.
