റീജണല്‍ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയുടെയും ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെയും പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു. അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ അധ്യക്ഷനായി.

ഡി.എച്ച്.എസ് പ്ലാന്‍ ഫണ്ടില്‍നിന്ന് 6.16 കോടി രൂപ ചെലവിട്ടാണ് റീജണല്‍ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിക്ക് പുതിയ കെട്ടിടമൊരുക്കിയത്. ക്ലിനിക്കല്‍ പത്തോളജി, ബയോ കെമിസ്ട്രി, ഹോര്‍മോണ്‍ അസെ തുടങ്ങിയ പരിശോധനകള്‍ക്ക് പുറമെ ക്യാന്‍സര്‍ കണ്ടെത്തുന്നതിനുള്ള സൈറ്റോളജി, പാപ് സ്മിയര്‍, കോവിഡ്, ലെപ്റ്റോസ്പൈറ എന്നിവക്കുള്ള ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകളും നടത്തും.

എന്‍.എച്ച്.എം ഫണ്ടില്‍നിന്ന് 2,17,40,000 രൂപ ചെലവിട്ടാണ് ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. കോഴിക്കോട് ജനറല്‍ ആശുപത്രി മെഡിക്കല്‍ ഓഫീസേഴ്‌സ് ക്വാര്‍ട്ടേഴ്‌സിന്റെ പഴയ കെട്ടിടം നിലനിന്നിരുന്ന പാവമണി റോഡിലെ 34 സെന്റ് ഭൂമിയില്‍നിന്ന് സര്‍ക്കാര്‍ അനുവദിച്ച 10 സെന്റ് സ്ഥലത്താണ് ഇരുനില കെട്ടിടം ഒരുക്കിയത്. പ്രാണിജന്യ രോഗങ്ങളുടെ പര്യവേഷണം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, മന്ത് രോഗ ക്ലിനിക്കുകള്‍, രാത്രികാല രക്തപരിശോധന ക്യാമ്പുകള്‍ എന്നിവ ഡി.വി.സി യൂണിറ്റിന്റെ നേതൃത്വത്തിലാണ് നടന്നുവരുന്നത്.

ചടങ്ങില്‍ അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാജേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ വെക്ടര്‍ ബോണ്‍ ഡിസീസസ് കണ്‍ട്രോള്‍ ഓഫീസര്‍ കെ.പി റിയാസ്, ആരോഗ്യ കേരളം ഡി.പി.എം ഡോ. സി കെ ഷാജി, സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ സ്റ്റേറ്റ് പ്രോജക്ട് ഹെഡ് ഡോ. എ നവീന്‍, കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. മുനവ്വര്‍ റഹ്‌മാന്‍, ആര്‍.പി.എച്ച് ലാബ് മെഡിക്കല്‍ ഓഫീസര്‍ ഡോ. പി ലീന തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *