തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ നടന്ന വൻ മോഷണത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ബായിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിക്കും. ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്ന അമൂല്യ രത്നങ്ങളും സ്വർണ്ണാഭരണങ്ങളുമാണ് കൊട്ടാരത്തിൽ നിന്ന് നഷ്ടപ്പെട്ടത്. സൈബർ സെല്ലും വിരലടയാള വിദഗ്ധരും കൊട്ടാരത്തിലെത്തി പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കിയിട്ടുണ്ട്.
പിച്ചിപ്പൂ മൊട്ട് മാതൃകയിലുള്ള സ്വർണ്ണ പാദസരം, നാഗപട കമ്മൽ, മാല എന്നിവയുൾപ്പെടെ പന്ത്രണ്ടോളം ഇനം ആഭരണങ്ങളാണ് മോഷണം പോയത്. 2025 ഒക്ടോബർ – നവംബർ മാസങ്ങൾക്കിടയിലാണ് കവർച്ച നടന്നതെന്നാണ് സൂചന. നവംബറിൽ ബംഗളൂരുവിലേക്ക് പോകാനായി അലമാര തുറന്നപ്പോഴാണ് ആഭരണങ്ങൾ നഷ്ടപ്പെട്ട വിവരം ആദ്യമായി ശ്രദ്ധയിൽപ്പെടുന്നത്. പുറത്തുനിന്നുള്ള ആരോ കൊട്ടാരത്തിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയെന്നാണ് സംശയിക്കുന്നത്.
ആഭരണങ്ങൾ നഷ്ടപ്പെട്ട വിവരം നേരത്തെ അറിഞ്ഞിരുന്നെങ്കിലും കൊട്ടാരത്തിനുള്ളിൽ തന്നെ എവിടെയെങ്കിലും കാണുമെന്ന പ്രതീക്ഷയിലാണ് പരാതി നൽകാൻ വൈകിയതെന്ന് കൊട്ടാര അധികൃതർ വിശദീകരിക്കുന്നു. എന്നാൽ വിശദമായ തിരച്ചിലിന് ശേഷവും ആഭരണങ്ങൾ കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് പോലീസിനെ സമീപിച്ചത്. അതീവ സുരക്ഷാ മേഖലയായ കവടിയാറിൽ നടന്ന ഈ കവർച്ച പോലീസിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
