തിരുവനന്തപുരം∙ മെഡിക്കൽ കോളേജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിച്ചു. ഒന്നാം നിലയിലാണ് തീപിടിച്ചത്. രോഗികളെ ഒഴിപ്പിക്കുന്നു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള വസ്തുക്കൾക്ക് തീപിടിച്ചു. പുക വലിയ തോതിൽ പ്രദേശത്ത് വ്യാപിച്ചു. ഷോർട്ട് സർകീറ്റാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സ് സ്ഥലത്തെത്തി. വൈകാതെ തീ നിയന്ത്രിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

സർജിക്കൽ ഐസിയുവിനു സമീപമാണ് തീപിടിത്തമുണ്ടായത്. 32 രോഗികളെ ഒഴിപ്പിച്ചു. ഇവരെ മറ്റ് ഐസിയുവിലേക്ക് മാറ്റി. ജീവനക്കാരെയും സ്ഥലത്തുനിന്ന് മാറ്റി. മറ്റ് സ്ഥലങ്ങളിലേക്ക് തീപടർന്നിട്ടില്ല.

എല്ലാ രോഗികളെയും സുരക്ഷിതമായി മാറ്റിയതായി ഡോക്ടർമാർ പറഞ്ഞു. മറ്റ് നിലകളിൽ പ്രശ്നമില്ല. ആർക്കും പൊള്ളലേറ്റിട്ടില്ലെന്നും ഡോക്ടർമാർ പറഞ്ഞു. ഉപകരണങ്ങൾക്ക് ചെറിയ പ്രശ്നമുണ്ട്. ‘‘ വെന്റിലേറ്ററിന്റെ ഉള്ളിൽനിന്ന് വന്ന തീ കിടക്കയിലേക്ക് പടരുകയായിരുന്നു. പെട്ടെന്നുതന്നെ ഓക്സിജൻ കട്ട് ചെയ്തു. അടച്ചിട്ട മുറിയായതിനാൽ പെട്ടെന്ന് പുക ഉയർന്നു. രോഗികളെ എല്ലാം മാറ്റി. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്’’–മേയർ വി.വി.രാജേഷ് പറഞ്ഞു. 33 രോഗികളാണ് ഉണ്ടായിരുന്നത്. എല്ലാവരെയും മാറ്റിയതായി അഗ്നിശമനസേന പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *