കോൺഗ്രസ് രാഷ്ട്രീയത്തിൽ കെ സുധാകരനെച്ചൊല്ലിയുള്ള ചർച്ചകൾ സജീവമാകുന്നതിനിടെ, അദ്ദേഹത്തിന് പിന്തുണയുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി സുധാകരൻ അസ്വസ്ഥനാണെന്ന വാർത്തകൾക്കിടയിൽ, പ്രവർത്തകരുടെ മനസ്സിലെ അദ്ദേഹത്തിന്റെ സ്ഥാനം ഓർമ്മിപ്പിച്ചുകൊണ്ടാണ് കോൺഗ്രസ് പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കണ്ണൂരിലെ കോൺഗ്രസ് പ്രസ്ഥാനത്തിനായി ജീവൻ ബലിനൽകിയ ഷുഹൈബും സജിത്ത് ലാലും ഉൾപ്പെടെയുള്ള അനേകം രക്തസാക്ഷികളുടെ നേതാവാണ് സുധാകരൻ എന്ന് രാഹുൽ കുറിച്ചു. കേവലം എംഎൽഎ എന്നോ മുഖ്യമന്ത്രി എന്നോ ഉള്ള പദവികളേക്കാൾ എത്രയോ വലിയ സ്ഥാനത്താണ് ‘സുധാകരൻ’ എന്ന രണ്ടക്ഷരം ഇന്ന് ഇരിക്കുന്നത്. “ജീവനേക്കാൾ വലിയ സ്നേഹം” നൽകുന്ന പ്രവർത്തകരുടെ വീര്യമാണ് സുധാകരനെന്നും rരാഹുൽ പോസ്റ്റിൽ ഓർമിപ്പിച്ചു.

സുധാകരനെതിരെ സംസാരിക്കേണ്ടി വരുന്നത് ഒരു സാധാരണ പ്രവർത്തകനെ സംബന്ധിച്ച് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ്. അതുകൊണ്ട് തന്നെ കേൾക്കുന്ന വാർത്തകൾ കള്ളമാണെന്ന് അദ്ദേഹം തന്നെ പറയണമെന്നും രാഹുൽ ആവശ്യപ്പെട്ടു. കണ്ണൂരിൽ സുധാകരൻ സ്ഥാനാർത്ഥിയാകുന്നത് പാർട്ടി ആഹ്ലാദത്തോടെ സ്വീകരിക്കും. അത് സംഭവിക്കില്ലെങ്കിൽ പോലും കേരളം മുഴുവൻ സഞ്ചരിച്ച് പ്രവർത്തകരെ ആവേശപ്പെടുത്താൻ അദ്ദേഹത്തിന്റെ നേതൃത്വം അത്യാവശ്യമാണെന്നും രാഹുൽ വ്യക്തമാക്കി. ബ്രണ്ണൻ കോളേജിലെ പഴയ പോരാട്ടവീര്യത്തോടെ ഈ ദുർഭരണത്തെ താഴെയിറക്കാൻ അദ്ദേഹം മുന്നിലുണ്ടാകണമെന്നും, രക്തസാക്ഷികളുടെ നേതാവിന് ഒരിക്കലും തന്റെ അണികളെ വേദനിപ്പിക്കാനാകില്ലെന്നും കുറിച്ചുകൊണ്ടാണ് രാഹുൽ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *