വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരം പിടിച്ചെടുക്കുമെന്നും ഇടതുകോട്ടകൾ തകർത്ത് കോൺഗ്രസ് മുന്നേറുമെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. എൽഡിഎഫിന് മൂന്നാം തവണയും ഭരണത്തിലേറാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, താൻ പെട്ടെന്ന് മനസ്സ് മടുത്ത് പോകുന്ന ആളല്ലെന്നും സമീപകാലത്തുണ്ടായ സംഭവങ്ങളെല്ലാം സ്പോർട്സ്മാൻ സ്പിരിറ്റിലാണ് കാണുന്നതെന്നും പ്രതികരിച്ചു.
പാർട്ടിയിലെ മുതിർന്ന നേതാക്കൾ നൽകിയ ഉപദേശങ്ങൾ അംഗീകരിക്കാനുള്ള ഉത്തരവാദിത്തം തനിക്കുണ്ടെന്നും വിവാദങ്ങൾക്കിടെ എ.കെ. ആന്റണി രണ്ടുതവണ തന്നെ വിളിച്ച് സംസാരിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. എ.കെ. ആന്റണി എന്നും തനിക്ക് നല്ല ഉപദേശങ്ങൾ നൽകുന്ന നേതാവാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
സംസ്ഥാന രാഷ്ട്രീയത്തിൽ കൂടുതൽ സജീവമാകാൻ താൻ ആഗ്രഹിച്ചിരുന്നുവെന്നും ഇക്കാര്യം രാഹുൽ ഗാന്ധിയുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നേതൃത്വത്തിന് ചില പരിമിതികൾ ഉണ്ടായിരുന്നുവെന്ന് താൻ മനസ്സിലാക്കുന്നു. നിയമസഭയിലേക്ക് മത്സരിക്കാമെന്ന് ആർക്കും വാഗ്ദാനം നൽകിയിരുന്നില്ലെന്നും സുധാകരൻ വ്യക്തമാക്കി. അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി തനിക്ക് യാതൊരു പ്രശ്നവുമില്ലെന്നും അദ്ദേഹം കടുത്ത നിലപാടുകളൊന്നും സ്വീകരിച്ചിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. തങ്ങൾക്കിടയിൽ ശത്രുതയുണ്ടെന്ന് വരുത്തിത്തീർക്കാൻ ചില കേന്ദ്രങ്ങളിൽ നിന്ന് ശ്രമം നടന്നതായും അദ്ദേഹം ആരോപിച്ചു.
