കോഴിക്കോട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കിയിരുന്നെങ്കിൽ ബിജെപി വിജയിക്കുമായിരുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കോഴിക്കോട് നോർത്ത് മണ്ഡലം എൻഡിഎ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശോഭ അന്ന് നിയമസഭയിൽ എത്തിയിരുന്നെങ്കിൽ ശബരിമലയിലെ സ്വർണക്കൊള്ള നടത്തിയവരോട് ‘വയ്ക്കടോ സ്വർണം’ എന്ന് പറയാൻ കരുത്തുള്ള ഒരാളുണ്ടാകുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഇത്തവണ ബി ജെ പിക്ക് സംസ്ഥാന ഭരണം പിടിക്കാമായിരുന്നുവെന്നും നിരവധി നാരീശക്തികൾ ബിജെപിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഡീൽ ആരോപണത്തെ ‘പീൽ’ എന്ന് വിശേഷിപ്പിച്ചാണ് സുരേഷ് ഗോപി പരിഹസിച്ചത്. കേരളത്തെ ഒതുക്കാൻ ശ്രമിക്കുന്നവരുടെ കൊതിക്കെറുവും പരിവേദനവുമാണ് ഇത്തരം ആരോപണങ്ങളിലൂടെ പുറത്തുവരുന്നത്. ഈ തിരഞ്ഞെടുപ്പിൽ ഇടതിനെയും വലതിനെയും ചവിട്ടിപ്പുറത്താക്കണമെന്ന് സുരേഷ് ഗോപി പറഞ്ഞു.
