നേമത്ത് ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സി.പി.എമ്മിന്റെ രണ്ട് പ്രധാന അക്കൗണ്ടുകള്‍ പൂട്ടിച്ചു. ബംഗാളിലും ത്രിപുരയിലും അക്കൗണ്ട് പൂട്ടിച്ചപോലെ കേരളത്തിലെ അക്കൗണ്ടും പൂട്ടിക്കും. അതിനു തന്നെയാണ് ബി.ജെ.പി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. അതിന് എത്രകാലതാമസമെടുക്കും എന്ന് പറയാനാവില്ല. പിണറായിയില്‍ തുടങ്ങിയ പാര്‍ട്ടി പിണറായി വിജയന്റെ കാലത്തുതന്നെ പൂട്ടിപ്പോകുമോ എന്നതില്‍ സംശയം വേണ്ട. പിണറായിയുടെ കൈകൊണ്ട് തന്നെ ഇതിന്റെ ഉദയക്രിയയും നടക്കുമെന്നതില്‍ സംശയം വേണ്ടെന്നും കെ.സുരേന്ദ്രന്‍ വട്ടിയൂര്‍ക്കാവില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

എന്തുകൊണ്ടാണ് രാഷ്ട്രീയ പശ്‌നങ്ങള്‍ക്ക് മറുപടി പറയാന്‍ മുഖ്യമന്ത്രി തയ്യാറാവാത്തത്. സ്വര്‍ണക്കടത്തുകാരെയും ഡോളര്‍ കടത്തുകാരെയും മുഖ്യമന്ത്രി വഴി വിട്ടു സഹായിച്ചു. മുഖ്യമന്ത്രി ഇതിന്റെ ഗുണഭോക്താവായിരുന്നെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സ്പീക്കര്‍ക്കെതിരെ സാമ്പത്തിക അഴിമതി മാത്രമല്ല ഉയര്‍ന്നുവന്നത്. എന്നിട്ടും കേരളജനത ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ കോലീബി അക്കൗണ്ട് എന്ന് പറഞ്ഞ് മുഖ്യമന്ത്രി ജനശ്രദ്ധ തിരിച്ചുവിടുകയാണ്. ഇടതുമുന്നണിയിലെ ഒരുഘടകക്ഷിയായ കേരള കോണ്‍ഗ്രസ് എം ലൗജിഹാദിനെ പറ്റി പരാമര്‍ശം നടത്തുകയുണ്ടായി. രണ്ട് ദിവസത്തിനകം ജോസ് കെ മാണിയുടെ വായ പിണറായി അടപ്പിച്ചു. ലൗജിഹാദ് കേരളത്തിലുണ്ടെന്ന് ക്രൈസ്തവ സഭകളെല്ലാം പറയുന്നതാണ്. ഇക്കാര്യത്തില്‍ എന്താണ് കേരളത്തിലെ ഇടതു- വലതുമുന്നണികളുടെ നിലപാടെന്നും സുരേന്ദ്രന്‍ ചോദിച്ചു

അടുത്തിടെ വന്ന സര്‍വെകള്‍ എല്ലാം ഇടതുമുന്നണിക്ക് തുടര്‍ഭരണമുണ്ടാകുമെന്നാണ് പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ ഇവര്‍ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയാണ്. സംസ്ഥാനത്ത് ഒരു ഇടതുമുന്നണിക്കും തുടര്‍ഭരണം ഉണ്ടാകില്ല. എന്‍ഡിഎ അയിരിക്കും കേരളത്തില്‍ നിര്‍ണായകശക്തി. സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആര് ഭരിക്കുമെന്ന് തീരുമാനിക്കുക എന്‍ഡിഎ ആയിരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
തപാല്‍ വോട്ടുകളില്‍ വ്യാപകമായി ക്രമക്കേട് നടക്കുന്നുണ്ട്. കോന്നിയില്‍ തപാല്‍ വോട്ടിന് പോയ ഉദ്യോഗസ്ഥന്‍ ബൂത്ത് ഏജന്റുമാരെ അറിയിക്കാതെ പോയി. ഉദ്യോഗസ്ഥര്‍ തന്നെ വോട്ട് ചെയ്യാന്‍ ശ്രമിച്ചു. വോട്ട് സഞ്ചിയിലാണ് ശേഖരിക്കുന്നത്. സഞ്ചി രാഷ്ട്രീയമാണ് പിണറായിയുടേത്. മോഡി കൊടുക്കുന്ന അരിയും മറ്റും പിണറായിയുടെ സഞ്ചിയിലാക്കി കൊടുക്കുന്നു. സഞ്ചിയില്‍ സൂക്ഷിക്കുന്ന ബാലറ്റ് എ.കെ.ജി സെന്ററിലേക്കാണോ കലക്ടറേറ്റിലേക്കാണോ പോകുന്നതെന്ന് പറയാനാവില്ല. തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ കവടിയാറില്‍ ചെയ്ത 15 തപാല്‍ വോട്ട് ആവിയായി പോയി. അവിടെ ബി.ജെ.പി ഒരു വോട്ടിനാണ് തോറ്റത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ പാടില്ലെന്നാണ് ചട്ടം. എന്നാല്‍ ഇവിടെ എല്ലാ ആനുകൂല്യങ്ങളും വിതരണം ചെയ്യാന്‍ അനുമതി നല്‍കുകയാണ്.

സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യ ഉച്ചഭക്ഷണത്തിന് കേന്ദ്രം കൊടുത്ത അരിയെടുത്ത് കിറ്റ് കൊടുക്കുകയാണ്. സഖാക്കള്‍ കൊടുക്കുന്ന കിറ്റ് ആണെന്നാണ് പറയുന്നത്. അരിയില്‍ കേരളത്തിന്റെ വിഹിതമെത്രയാണെന്ന് വ്യക്തമാക്കണം. എന്തു തിരഞ്ഞെടുപ്പ് വാഗ്ദാനമാണ് സര്‍ക്കാര്‍ പാലിച്ചത്. അരി എവിടെ നിന്ന് കിട്ടിയെന്ന് ചോദിക്കാന്‍ രമേശ് ചെന്നിത്തലയ്ക്കും കഴിയുന്നില്ലെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *