കോഴിക്കോട്; തങ്ങളുടെ സ്വന്തം സ്ഥാനാർത്ഥിക്ക് വോട്ട് ചോദിച്ചെത്തിയ ബേപ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി എ മുഹമ്മദ് റിയാസിനെ അകമഴിഞ്ഞ് സ്വീകരിച്ച് കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ വോട്ടർമാർ. ചൊവ്വാഴ്ച രാവിലെയാണ് നോർത്ത് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി തോട്ടത്തിൽ രവീന്ദ്രന് വേണ്ടി സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ പി എ മുഹമ്മദ് റിയാസ് പ്രചാരണത്തിനായി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിയത്.
രാവിലെ എട്ടുമണിയോടെ ചെലവൂരിലെ തോണിക്കടവത്ത്കണ്ടിയിലെത്തിയപ്പോൾ പ്രിയ നേതാവിനെ കാത്ത് സ്ത്രീകളും കുഞ്ഞുങ്ങളും അടങ്ങുന്ന നിരവധി വോട്ടർമാർ നിൽപ്പുണ്ടായിരുന്നു.
സൗമ്യതയുടെ മുഖമുദ്രയായ തോട്ടത്തിൽ രവീന്ദ്രനെ ചുറ്റിക അരിവാൾ നക്ഷത്രം അടയാളത്തിൽ വോട്ട് ചെയ്തു വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന് മുഹമ്മദ് റിയാസ് വോട്ടർമാരോട് അഭ്യർഥിച്ചു. നിയമസഭയിൽ ഉൾപ്പെടെ മണ്ഡലത്തിലെ വോട്ടർമാരുടെ പ്രശ്നങ്ങൾ കൃത്യമായി പഠിച്ച് അവതരിപ്പിക്കുന്നതിൽ വലിയ കഴിവ് പ്രകടിപ്പിച്ച നേതാവാണ് തോട്ടത്തിൽ എന്ന് അദ്ദേഹം പറഞ്ഞു.
നാടിൻ്റെ സമാധാനം നിലനിൽക്കാൻ എൽഡിഎഫ് മൂന്നാമതും അധികാരത്തിൽ വരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിലെത്തിയതോടെ പല സംസ്ഥാനങ്ങളിലും സമാധാനാന്തരീക്ഷം തകർന്നു. തൊട്ടടുത്ത സംസ്ഥാനമായ കർണാടകയിൽ ന്യൂനപക്ഷങ്ങളുടെ വീടുകൾ ബുൾഡോസറുകൾ ഉപയോഗിച്ച് ഇടിച്ചു നിർത്തുന്നു. എൽഡിഎഫ് ഭരിക്കുന്നത് കൊണ്ടാണ് കേരളത്തിൽ ഇത് സംഭവിക്കാത്തത്. യുഡിഎഫിന് വോട്ട് ചെയ്യുന്നത് ബിജെപിക്ക് വോട്ട് ചെയ്യുന്നതിന് തുല്യമാണ്. സ്ത്രീകളുടെ ആത്മവിശ്വാസത്തിന് കരുത്ത് പകരാൻ ചരിത്രത്തിൽ ആദ്യമായി വീട്ടമ്മമാർക്ക് സഹായധനം ഏർപ്പെടുത്തിയ സർക്കാരാണ് കേരളം ഭരിക്കുന്നത്. പവർകട്ട് ഇല്ലാത്ത, പാഠപുസ്തകങ്ങൾ മുടങ്ങാത്ത, ക്ഷേമ പെൻഷൻ കുടിശ്ശികയാകാത്ത പത്തുവർഷമാണ് കടന്നുപോയത്. ഇവ മുടക്കണോ എന്നതാണ് ഈ തിരഞ്ഞെടുപ്പിൽ ഉയരുന്ന പ്രധാന ചോദ്യമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
പിന്നീട് വെള്ളിമാടുകുന്ന് പറക്കുളത്തും കുടുംബയോഗങ്ങളിൽ പങ്കെടുത്തു. പി ഉഷാദേവി, സി എം ജംഷീർ, ഒ എം ഭരദ്വാജ്, കെ പി ശിവജി , ടി ഇ സമീർ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
