കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനപ്രിയ വാഗ്ദാനങ്ങൾ ഉൾപ്പെടുത്തി യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. കൊച്ചിയിൽ നടന്ന ചടങ്ങിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയാണ് പത്രിക പ്രകാശനം ചെയ്തത്. ശബരിമല ആചാര സംരക്ഷണം മുതൽ കാർഷിക-ക്ഷേമ പദ്ധതികൾ വരെ നീളുന്ന വിപുലമായ പ്രഖ്യാപനങ്ങളാണ് പത്രികയുടെ പ്രധാന ആകർഷണം.
വിവാദമായ ശബരിമല വിഷയത്തിൽ ആചാര സംരക്ഷണത്തിനായി പ്രത്യേക നിയമം കൊണ്ടുവരുമെന്നതാണ് യുഡിഎഫിന്റെ പ്രധാന വാഗ്ദാനം. സാമൂഹിക സുരക്ഷാ പെൻഷനുകൾ കേവലം ആനുകൂല്യമല്ല, മറിച്ച് ജനങ്ങളുടെ അവകാശമായി പ്രഖ്യാപിക്കുമെന്നും മുന്നണി ഉറപ്പുനൽകുന്നു. പാവപ്പെട്ടവർക്ക് ആശ്വാസമായി സംസ്ഥാനത്തുടനീളം ഇന്ദിരാ കാന്റീൻ പദ്ധതി വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്.
കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് റബ്ബറിന്റെ താങ്ങുവില 300 രൂപയായി ഉയർത്തുമെന്ന പ്രഖ്യാപനം കർഷകർക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ്. ആശാവർക്കർമാരുടെ പ്രതിദിന വേതനം 700 രൂപയാക്കി വർധിപ്പിക്കുമെന്നും പത്രികയിലുണ്ട്. ക്യാമ്പസുകളിലെ റാഗിംഗിന് അന്ത്യമിടാൻ പൂക്കോട് വെറ്ററിനറി കോളേജിൽ കൊല്ലപ്പെട്ട സിദ്ധാർത്ഥിന്റെ പേരിൽ പ്രത്യേക വിരുദ്ധ പദ്ധതിയും യുഡിഎഫ് വിഭാവനം ചെയ്യുന്നു.
ഭരണരംഗത്ത് സമാധാനവകുപ്പും സഹിഷ്ണുതാ വകുപ്പും പുതുതായി രൂപീകരിക്കുമെന്നതാണ് മറ്റൊരു ശ്രദ്ധേയമായ നിർദ്ദേശം. ദേവസ്വം ബോർഡുകളിലെ അഴിമതി തുടച്ചുനീക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും പ്രകടനപത്രികയിലൂടെ ഐക്യമുന്നണി വോട്ടർമാർക്ക് ഉറപ്പുനൽകുന്നു.
