നൂറിലധികം സീറ്റുകളുമായി യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നേരത്തെ യു.ഡി.എഫിന് കഷ്ടിച്ച് ഭൂരിപക്ഷം നല്‍കിയിരുന്നവരൊക്കെ ഇപ്പോള്‍ അഭിപ്രായം മാറ്റി. ദേശീയ സര്‍വെകളിലെല്ലാം യു.ഡി.എഫ് മികച്ച ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തട്ടിക്കൂട്ടിയ ചില സര്‍വെകള്‍ കേരളത്തിലുണ്ട്. അതേക്കുറിച്ച് വോട്ടെടുപ്പ് കഴിഞ്ഞ് പറയാം. അവരുടെ വിശ്വാസ്യത അവര്‍ തന്നെ കളഞ്ഞു കുളിച്ചിരിക്കുകയാണ്. മൂന്ന് മാസത്തിനിടെ നാലു തവണ കേരളത്തില്‍ ഉടനീളെ സഞ്ചരിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ജനവികാരത്തെ കുറിച്ച് കൃത്യമായ ധാരണയുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് നൂറിലധികം സീറ്റുമായി അധികാരത്തിലെത്തുമെന്ന് പറയുന്നത്. അക്കാര്യത്തില്‍ ഒരു സംശയവുമില്ല.

എല്ലായിപ്പോഴും ജനാധിപത്യ പ്രക്രിയ വിജയിക്കണം. കേരളത്തിലെ പ്രബുദ്ധരായ രാഷ്ട്രീയ ബോധ്യമുള്ള ജനങ്ങള്‍ സര്‍ക്കാരിനെയും പ്രതിപക്ഷത്തെയും ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളെയും നിരീക്ഷിക്കും. നാട്ടിന്‍പുറത്തെ ചായക്കടകളില്‍ പോലും നമ്മളേക്കാള്‍ നന്നായി അന്താരാഷ്ട്ര കാര്യങ്ങള്‍ വരെ സംസാരിക്കുന്നവരുണ്ട്. അവര്‍ ഒന്നിലധികം പത്രങ്ങള്‍ വായിക്കുന്നവരും ചാനലുകള്‍ കാണുന്നവരുമാണ്. നല്ല രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ വോട്ട് ചെയ്യുന്ന ജനതയാണ് കേരളത്തിലുള്ളത്. അവരാണ് ഞങ്ങളുടെ പ്രതീക്ഷ. ഈ രാഷ്ട്രീയ സാഹചര്യങ്ങളെല്ലാം വിലയിരുത്തി ജനങ്ങള്‍ യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്യും.

ജീവനക്കാര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാനാകാത്ത സാഹചര്യം സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെയും സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറെയും നിരവധി തവണ ബന്ധപ്പെട്ടു. ഇതുവരെ ഉണ്ടായിട്ടില്ലാത്ത സംഭവങ്ങളാണുള്ളത്. മൂന്ന് തവണ പോയിട്ട് പോലും ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ നിന്നും ബാലറ്റ് കിട്ടാത്തവരുണ്ട്. ഒരാള്‍ക്ക് പോലും വോട്ട് ചെയ്യാനാകാത്ത അവസ്ഥയുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *