കണ്ണൂർ ജില്ലയെ നടുക്കിയ കരിവെള്ളൂർ പലിയേരിയിലെ വനിതാ സിവിൽ പോലീസ് ഓഫീസർ പി ദിവ്യശ്രീ വധക്കേസിൽ ഭർത്താവ് രാജേഷ് കുറ്റക്കാരനാണെന്ന് തലശ്ശേരി പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി കണ്ടെത്തി. കൊലപാതകം, കൊലപാതകശ്രമം, അതിക്രമിച്ചു കയറൽ, തെളിവ് നശിപ്പിക്കൽ എന്നീ ഗുരുതരമായ കുറ്റങ്ങൾ പ്രതിക്കെതിരെ തെളിഞ്ഞതായി ജഡ്ജി കെ.ടി. നിസാർ അഹമ്മദ് വ്യക്തമാക്കി. കേസിൽ വെള്ളിയാഴ്ച കോടതി ശിക്ഷാവിധി പ്രസ്താവിക്കും. പ്രണയവിവാഹമായിരുന്നെങ്കിലും രാജേഷിന്റെ അമിത മദ്യപാനവും തുടർന്നുണ്ടായ കുടുംബകലഹവുമാണ് ദാരുണമായ കൊലപാതകത്തിൽ കലാശിച്ചത്. വിവാഹമോചനത്തിനായി ദിവ്യശ്രീ കുടുംബകോടതിയിൽ ഹർജി നൽകിയതും ഏഴുലക്ഷം രൂപ തിരികെ ആവശ്യപ്പെട്ടതും പ്രതിയെ പ്രകോപിപ്പിച്ചു. കുടുംബകോടതിയിൽ നടന്ന മധ്യസ്ഥ ചർച്ചയ്ക്ക് പിന്നാലെയാണ് 2024 നവംബർ 21-ന് വൈകുന്നേരം ദിവ്യശ്രീയുടെ വീട്ടിലെത്തി രാജേഷ് ആക്രമണം നടത്തിയത്.
വീടിന്റെ വരാന്തയിൽ പെട്രോൾ ഒഴിച്ച ശേഷം കൊടുവാൾ ഉപയോഗിച്ച് ദിവ്യശ്രീയെ അതിക്രൂരമായി വെട്ടുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിച്ച ദിവ്യശ്രീയുടെ അച്ഛൻ വാസുവിനും വെട്ടേറ്റു. നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടിയ ദിവ്യശ്രീയെ ഗേറ്റിന് സമീപം വെച്ച് രാജേഷ് വീണ്ടും വെട്ടി വീഴ്ത്തി. കൃത്യത്തിന് ശേഷം ബൈക്കിൽ രക്ഷപ്പെട്ട പ്രതി ആയുധം പുഴയിൽ എറിയുകയും തുടർന്ന് പുതിയതെരുവിലെ ഒരു ബാറിൽ കയറി മദ്യപിക്കുകയും ചെയ്തു. ഇവിടെ വെച്ചാണ് പോലീസ് രാജേഷിനെ പിടികൂടിയത്. കൊലപാതകത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള നിർണ്ണായക തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രതിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന വാദം കോടതി നേരത്തെ തള്ളിയിരുന്നു. ചന്തേര സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന ദിവ്യശ്രീക്ക് ഒൻപതാം ക്ലാസിൽ പഠിക്കുന്ന ഒരു മകനുണ്ട്. പയ്യന്നൂർ ഇൻസ്‌പെക്ടർ ശ്രീഹരിയുടെ നേതൃത്വത്തിലാണ് കേസന്വേഷണം പൂർത്തിയാക്കിയത്.
