തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ നടന്ന രണ്ടുകോടിയോളം രൂപയുടെ പൗരാണിക ആഭരണ മോഷണക്കേസിൽ നിർണ്ണായക നീക്കങ്ങളുമായി പൊലീസ് മുന്നോട്ട്. കൊട്ടാരത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ള ആരുടെയെങ്കിലും സഹായം മോഷണത്തിന് പിന്നിലുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. ഇതിന്റെ ഭാഗമായി കൊട്ടാരത്തിലെ അംഗങ്ങൾ, ജീവനക്കാർ, സ്ഥിരം സന്ദർശകർ എന്നിവരുടെ മൊഴികൾ പൊലീസ് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. വ്ലോഗർമാരും യൂട്യൂബർമാരും കൊട്ടാരത്തിൽ സന്ദർശനം നടത്തിയിട്ടുള്ളതിനാൽ അവരുടെ വിവരങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്.

കൊട്ടാരത്തിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയിലുള്ള ഇരുമ്പ് അലമാരയുടെ ലോക്കറിൽ നിന്നാണ് വജ്രാഭരണങ്ങളും പുരാതന സ്വർണ്ണ ശേഖരവും നഷ്ടപ്പെട്ടത്. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായിയുടെ പരാതിയിലാണ് നിലവിൽ കണ്ടോൺമെന്റ് എസി അന്വേഷണം നടത്തുന്നത്. 2025 നവംബറിൽ ബെംഗളൂരുവിലേക്ക് പോകാനായി അലമാര തുറന്നപ്പോഴാണ് ആഭരണങ്ങൾ നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ടതെന്ന് ഗൗരി ലക്ഷ്മിബായി പൊലീസിന് മൊഴി നൽകി. ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവ് സമ്മാനിച്ച അമൂല്യമായ ആഭരണങ്ങളും മോഷണം പോയവയിൽ ഉൾപ്പെടുന്നു.

കനത്ത സുരക്ഷാ സംവിധാനങ്ങളും സിസിടിവി ക്യാമറകളുമുള്ള കൊട്ടാരത്തിൽ പുറത്തുനിന്നുള്ള ഒരാൾക്ക് കടന്നുകയറി മോഷണം നടത്തുക എന്നത് പ്രായോഗികമായി പ്രയാസകരമാണ്. അതുകൊണ്ട് തന്നെ കൊട്ടാരത്തിലുള്ള നാൽപ്പതോളം ജീവനക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. നേരത്തെ കൊട്ടാരത്തിൽ വിശദമായ പരിശോധന നടത്തിയിട്ടും ആഭരണങ്ങൾ കണ്ടെത്താത്തതിനെ തുടർന്നാണ് രാജകുടുംബം പൊലീസ് മേധാവിക്ക് പരാതി നൽകിയത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കൊട്ടാരത്തിലെ അവശേഷിക്കുന്ന ആഭരണങ്ങൾ നിലവിൽ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *