എച്ച്ആർഡിഎസ് സ്ഥാപക സെക്രട്ടറി അജി കൃഷ്ണനെ പോക്സോ പരാതിയെത്തുടർന്ന് ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. സ്ഥാപനത്തിലെ മുൻ ജീവനക്കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തന്റെ പ്രായപൂർത്തിയാകാത്ത മകളെ അജി കൃഷ്ണൻ പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരന്റെ ആരോപണം.
സംഭവത്തിൽ ഡൽഹി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമേ അറസ്റ്റ് രേഖപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ എന്ന് പോലീസ് അറിയിച്ചു. നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പ്രഥമ വിവര റിപ്പോർട്ടിൽ ആരുടെയും പേര് ഉൾപ്പെടുത്തിയിട്ടില്ല. അതേസമയം, അജി കൃഷ്ണനെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്ന് എച്ച്.ആർ.ഡി.എസ് പ്രതികരിച്ചു. സ്ഥാപനത്തിനുള്ളിലെ ആഭ്യന്തര തർക്കങ്ങളാണ് ഇത്തരമൊരു വ്യാജ പരാതിക്ക് പിന്നിലെന്നും അധികൃതർ വ്യക്തമാക്കി.
